Kerala

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവ്

വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മാര്‍ച്ച് 20 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടാണ് പട്ടിക നല്‍കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നേരത്തെ, കാസര്‍ഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പരിശോധന നടത്തുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നു. കണ്ണൂര്‍, കൂത്തുപറമ്പ്, കല്‍പറ്റ, തവനൂര്‍, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂര്‍, ഉടുമ്പന്‍ചോല, വൈക്കം, അടൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ഉണ്ടെന്നാണ് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്.

അതേസമയം, കൂടുതല്‍ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഒന്‍പത് ജില്ലകളിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.

അഞ്ച് മണ്ഡലങ്ങളിലെ ആവര്‍ത്തന വോട്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് നല്‍കിയ കണക്ക് പ്രകാരം കൂടുതല്‍ ആവര്‍ത്തന വോട്ടുള്ളത് തവനൂരിലാണ്. 4395 വോട്ടുകളാണ് മണ്ഡലത്തില്‍ ആവര്‍ത്തന വോട്ടുള്ളത്.