Cricket Sports

‘സഞ്ജുവിനും മനീഷിനും സംഭവിച്ചതു പോലെ ആവാതിരിക്കട്ടെ’; സൂര്യകുമാറിനെ മൂന്നാം ടി-20യിൽ പരിഗണിക്കാതിരുന്നതിനെതിരെ ഗംഭീർ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20 മത്സരത്തിനുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെ വിമർശിച്ച് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. സഞ്ജുവിനും മനീഷിനും സംഭവിച്ചതു പോലെ ആവാതിരിക്കട്ടെ സൂര്യകുമാറിൻ്റെ വിധി എന്ന് ഗംഭീർ പറഞ്ഞു. ഇ എസ് പി എൻ ക്രിക്കിൻഫോയോടാണ് ഗംഭീറിൻ്റെ പ്രതികരണം.

“ഞാനായിരുന്നു സൂര്യയുടെ സ്ഥാനത്തെങ്കിൽ അതെന്നെ വേദനിപ്പിച്ചേനെ. 21 അല്ല, 30 വയസ്സായി. 30 വയസ്സായാൽ അരക്ഷിതാവസ്ഥ ആരംഭിക്കാൻ തുടങ്ങി. മനീഷ് പാണ്ഡെയ്ക്ക് സംഭവിച്ചത് നോക്കൂ. ആരും അദ്ദേഹത്തെപ്പറ്റി സംസാരിക്കുന്നില്ല. സഞ്ജുവിനെ നോക്കൂ. അദ്ദേഹം എവിടെയാണെന്ന് പോലും ആരും ചോദിക്കുന്നില്ല. അരങ്ങേറിയാൽ കുറച്ച് മത്സരങ്ങളിലെങ്കിലും അവസരം നൽകണം. ടീം മാനേജ്മെൻ്റിൻ്റെ പിന്തുണ ലഭിക്കാത്തിടത്തോളം നിങ്ങൾക്ക് വിജയിക്കാനാവില്ല. ഇഷാൻ കിഷനെ നോക്കൂ. അർധസെഞ്ചുറി അടിച്ചിട്ടും അടുത്ത കളി മൂന്നാം നമ്പറിലേക്കിറക്കി. രാജ്യാന്തര ക്രിക്കറ്റിൽ എന്താണ് സൂര്യകുമാറിൽ നിങ്ങൾ കാണുന്നത്. ഇനിയൊരിക്കൽ സൂര്യകുമാറിനെ പരിഗണിക്കണമെങ്കിൽ എന്ത് ചെയ്യും? കുറച്ച് മത്സരങ്ങളിൽ അവസരം നൽകണം.”- ഗംഭീർ പറഞ്ഞു.

അതേസമയം, അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പരയിൽ ഇംഗ്ലണ്ട് 2-1നു മുന്നിലാണ്. മൂന്നാം മത്സരത്തിൽ 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 156 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 18.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.