തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് അഹമ്മദാബാദില്‍. പ്രധാനമന്ത്രിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും തട്ടകത്തില്‍ കരുത്ത് തെളിയിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം പ്രകടന പത്രികയുടെ അന്തിമ കരടിന് അംഗീകാരം നല്‍കും. യോഗത്തിനെത്തുന്ന രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ഗുജറാത്ത് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും.
58 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ യോഗത്തിനെത്തും. തെരഞ്ഞെടുപ്പ് പ്രകടന പത്രികക്ക് യോഗം അംഗീകാരം നല്‍കും. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്ത് ശേഷം ചേരുന്ന ആദ്യ യോഗമായതിനാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തുടര്‍നീക്കങ്ങളും ചര്‍ച്ചയാകും. സബര്‍മതിയിലെ ഗാന്ധി ആശ്രമത്തിലെ പ്രാര്‍ത്ഥന സമ്മേളനത്തിന് ശേഷമാകും യോഗം ആരംഭിക്കുക.
യോഗശേഷം മുഴുവന്‍ നേതാക്കളെയും അണിനിരത്തിയുള്ള പൊതു റാലി നടത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാകും ഇത്. ജയ് ജവാന് ജയ് കിസാന്‍ എന്ന പേരിലാണ് പൊതുറാലി സംഘടിപ്പിക്കുന്നത്. ഇതിനിടെ രാഹുല്‍ ഗാന്ധിയെ കണ്ട് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും. പൊതുപരിപാടിക്ക് ഹാര്‍ദിക്കും എത്തിയേക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേല്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.