Kerala

ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി രാഷ്ട്രീയ കേരളം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ ‘വെളിപ്പെടുത്തലിൽ’ ചൂടുപിടിച്ച് രാഷ്ട്രീയ കേരളം. ചെങ്ങന്നൂരിൽ തനിക്ക് സീറ്റു നിഷേധിച്ചത് ഈ ധാരണയുടെ ഭാഗമായാണ് എന്നാണ് ഓർഗനൈസർ മുൻ എഡിറ്റർ കൂടിയായ ബാലശങ്കർ ആരോപിച്ചത്.

സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന കോൺഗ്രസിന്റെ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. പരാമർശങ്ങൾ കോൺഗ്രസ് ഏറ്റെടുത്തു കഴിഞ്ഞു. ‘ഇത് നേരത്തെ തന്നെ തങ്ങൾ ചൂണ്ടിക്കാട്ടിയതാണ്, ഇത്ര വേഗം പുറത്താകുമെന്ന് കരുതിയില്ല’ എന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചത്.

ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി രാഷ്ട്രീയ കേരളം; സിപിഎമ്മും ബിജെപിയും പ്രതിരോധത്തിൽ

പരാമർശങ്ങളിൽ സിപിഎമ്മും ബിജെപിയും ഒരേസമയം പ്രതിരോധത്തിലായി. ആരോപണമുന്നയിച്ചയാൾ ചില്ലറക്കാരനല്ല എന്നതാണ് ഇരുപാർട്ടികളെയും കുഴക്കുന്നത്. അമിത് ഷാ വിഭാവനം ചെയ്ത ബിജെപി നേതാക്കൾക്ക് പരിശീലനം നൽകുന്ന സമിതിയുടെ ദേശീയ കോ കൺനീവറും പാർട്ടി പബ്ലിക്കേഷൻ വിഭാഗം കോ കൺവീനറുമാണ് ഇദ്ദേഹം. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ എഡിറ്ററും. മോദിയെ പ്രകീർത്തിച്ച് ‘മോദി: ക്രിയേറ്റീവ് ഡിസ്‌റപ്റ്റർ, ദ മേക്കർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകമെഴുതിയിട്ടുണ്ട്. അമിത് ഷാ ആണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ഈ പുസ്തകം എട്ടു ഭാഷകളിലാണ് ബിജെപി പുറത്തിറക്കിയിട്ടുള്ളത്.

ദ വീക്ക്, പ്രോബ്, ഓൺലുക്കർ, ഫൈനാൻഷ്യൽ എക്‌സ്പ്രസ്, ഫ്രീ പ്രസ് ജേണൽ എന്നീ മാധ്യമങ്ങളിൽ ജോലി ചെയ്ത അനുഭവസമ്പത്തുണ്ട്. കേസരി ആഴ്ചപ്പതിപ്പിലെ കോളമിസ്റ്റായിരുന്നു. 1998-2004 കാലയളവിൽ മാനവവിഭവ ശേഷി വകുപ്പിലെ ഉപദേഷ്ടാവായിരുന്നു.

2018ലെ ഉപതെരഞ്ഞെടുപ്പിൽ 35270 വോട്ട് നേടിയ മണ്ഡലമാണ് ചെങ്ങന്നൂർ. ഇവിടെയാണ് അവസാന നിമിഷം ബാലശങ്കറിനെ മറികടന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് എംവി ഗോപകുമാർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത്. കേന്ദ്രനേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് ചെങ്ങന്നൂരിലേക്ക് വന്നത് എന്നാണ് ബാലശങ്കർ വ്യക്തമാക്കിയിരുന്നത്.

കോൺഗ്രസ് നേതാവായിരുന്ന മാമ്പറ്റ രാഘവൻ പിള്ളയുടെ മകനാണ് ഇദ്ദേഹം. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളും ആല പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന വേളയിലാണ് ആർഎസ്എസ് അംഗത്വമെടുത്തത്. മകൻ സാർത്ഥക് ശങ്കർ യുഎസിൽ പിഎച്ച്ഡി ചെയ്യുന്നു. ഭാര്യ മംഗള മൂന്നു വർഷം മുമ്പ് മരിച്ചു.

സംഘ്പരിവാറിന്റെ ദാര്‍ശനിക മുഖമായ ജി പരമേശ്വരനുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവാണ് ഇദ്ദേഹം. ശ്രീ എമ്മുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.