കോൺഗ്രസിലെ തർക്ക സീറ്റുകളിൽ പ്രശ്ന പരിഹാരത്തിന് പുതിയ നീക്കം. തവനൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പിലിനെ വീണ്ടും പരിഗണിച്ചേക്കും. നേരത്തെ തവനൂരിലേക്ക് പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് മത്സരിപ്പിക്കാന്‍ ധാരണയായതാണ് പുറത്തുവരുന്ന വിവരങ്ങള്‍.
വനിതാ പ്രാതിനിധ്യം സംബന്ധിച്ച വിമർശനം മറിക്കടക്കുന്നതിനായി വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്റെ പേര് തവനൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. റിയാസ് മുക്കോളിയെ വെട്ടി ഫിറോസ് കുന്നംപറമ്പിലിനെ കൊണ്ടുവരുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് പരിഗണിച്ചുകൊണ്ടാണ് ഈ പ്രശ്നത്തിന് കോണ്‍ഗ്രസ് നേതൃത്വം പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. റിയാസ് മുക്കോളിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കെട്ടടങ്ങും.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പിസി വിഷ്ണുനാഥിനെ കോണ്‍ഗ്രസ് വീണ്ടും കുണ്ടറയിൽ മത്സരിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ആദ്യം കുണ്ടറയില്‍ പരിഗണിച്ചിരുന്ന വിഷ്ണുനാഥിനെ പിന്നീട് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പി സി വിഷ്ണുനാഥിനെ കോണ്‍ഗ്രസ് വീണ്ടും വട്ടിയൂര്‍ക്കാവിലേക്ക് സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.