കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് ഇഷ്ടമെന്ന് യുവതാരം കെ പ്രശാന്ത്. ഹൈദരാബാദ് എഫ്സിയിൽ നിന്നടക്കം ഓഫറുകൾ വന്നിരുന്നു എന്നും ബ്ലാസ്റ്റേഴ്സിൽ തന്നെ മികച്ച പ്രകടനം നടത്തി തുടരാനാണ് താത്പര്യം എന്നും പ്രശാന്ത് പറഞ്ഞു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് മനസ്സുതുറന്നത്.
എല്ലാ സീസണിലുമെന്ന പോലെ ഈ സീസണിലും പ്ലേ ഓഫ് ലക്ഷ്യം വച്ചാണ് ഇറങ്ങിയതെന്നും അതിനു സാധിക്കാത്തതിൽ നിരാശയുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇത്തവണ ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും മികച്ചവരായിരുന്നു. ചെറിയ ശ്രദ്ധക്കുറവാണ് പല കളികളും തോല്പിച്ചത്. തോൽവിയിൽ പ്രതിരോധം മാത്രമല്ല, എല്ലാവരും ഉത്തരവാദികളാണ് എന്നും പ്രശാന്ത് പറഞ്ഞു.
വിക്കൂന മികച്ച പരിശീലകനായിരുന്നു. പക്ഷേ, തുടർതോൽവികളിൽ സമ്മർദ്ദം ഉണ്ടാവുമ്പോൾ കോച്ചിനെ പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിക്കുന്നതിൽ അദ്ഭുതപ്പെടാനില്ല. തോൽവിയുടെ ഭാരം പരിശീലകന്റെ തലയിൽ വരും. വിദേശ താരങ്ങൾ ടീമുമായി ഇണങ്ങിച്ചേരാൻ സമയമെടുത്തു. ബയോബബിളും, ആരാധകരില്ലാത്തതും പ്രകടനത്തെ ബാധിച്ചു. ഇന്ത്യൻ കളിക്കാർക്കെല്ലാം രണ്ടിൽ കൂടുതൽ വർഷത്തെ കരാർ ബാക്കിയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ തൻ്റെ പ്രകടനങ്ങളെ മുൻനിർത്തി വരുന്ന ചർച്ചകൾ ആദ്യമൊക്കെ വിഷമിപ്പിക്കാറുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അത് ശ്രദ്ധിക്കാറില്ല. മികച്ച പ്രകടനം നടത്തി തെളിയിക്കണമെന്നാണ് ആഗ്രഹം. വ്യക്തിപരമായ ലക്ഷ്യങ്ങൾ അടുത്ത വർഷവും തീരുമാനിക്കും. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതിൽ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു.