എഫ്സി പോർട്ടോയ്ക്കെതിരെ ജയിച്ചിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്. എവേ ഗോളുകളുടെ പിൻബലത്തിലാണ് പോർട്ടോ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്വന്തം ഗ്രൗണ്ടായ അലയൻസ് അറീനയിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു യുവന്റസിന്റെ ജയം. എന്നാൽ ആദ്യപാദത്തിൽ 2-1ന് തോറ്റത്താണ് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും തിരിച്ചടിയായത്.
രണ്ടു പാദങ്ങളിലുമായി ഇരുടീമുകളും നാലു ഗോളുകളാണ് നേടിയത്. എന്നാൽ എവേ മത്സരത്തിൽ രണ്ടു ഗോൾ നേടിയത് പോർട്ടോയ്ക്ക് അവസാന പതിനാറിലേക്കുള്ള വഴി തുറന്നു.
19-ാം മിനിറ്റിൽ സെർജിയോ ഒലിവേരയിലൂടെ പോർട്ടോയാണ് ആദ്യം ഗോൾ നേടിയത്. 49-ാം മിനിറ്റിൽ ഫെഡറികോ ചിയെസ യുവെയെ ഒപ്പമെത്തിച്ചു. 63-ാം മിനിറ്റിൽ ചിയസെ വീണ്ടും വലകുലുക്കി. സ്കോർ തുല്യനിലയിലായതോടെ മത്സരം എക്സ്ട്രൈ ടൈമിലേക്ക് നീണ്ടു. 115-ാം മിനിറ്റിൽ ഒലിവേര ഫ്രീകിക്ക് ഗോളിലൂടെ പോർട്ടോയെ മുമ്പിലെത്തിച്ചു. എന്നാൽ 117-ാം മിനിറ്റിൽ അഡ്രിയാൻ റോബിയോട്ട് നേടിയ ഗോളിലൂടെ യുവെ ജയം സ്വന്തമാക്കി.
54-ാം മിനിറ്റിൽ മെഹ്ദി തരേമി ചുവപ്പു കാർഡ് കണ്ട് പുറത്തു പോയ ശേഷം പത്തുപേരുമായാണ് പോർട്ടോ കളിച്ചത്. എന്നാൽ ഇതു മുതലാക്കാൻ ക്രിസ്റ്റിയാനോ റൊണോൾഡോ അടങ്ങുന്ന സീരി എ വമ്പന്മാർക്കായില്ല.
ഹാലൻഡിന്റെ ചിറകിൽ ഡോട്മുണ്ട്
സ്പാനിഷ് ക്ലബ് സെവിയ്യയെ സമനിലയിൽ തളച്ച് ജർമൻ ക്ലബ് ബൊറൂസിയ ഡോട്മുണ്ടും ക്വാർട്ടറിലെത്തി. ആദ്യപാദത്തിലെ 3-2ന്റെ വിജയമാണ് ജർമൻ ക്ലബിന് സഹായകരമായത്. ഇരുപാദങ്ങളിലുമായി 5-4ന്റെ മുൻതൂക്കമാണ് ഡോട്മുണ്ടിനുള്ളത്. സൂപ്പർ താരം എർലിങ് ഹാലൻഡ് ഡോട്മുണ്ടിനായി ഇരട്ടഗോളുകൾ നേടി. 35,54 മിനിറ്റുകളിലായിരുന്നു ഗോളുകൾ. യൂസഫ് നെസ്രിയുടെ വകയാണ് സെവിയ്യയുടെ രണ്ടു ഗോളുകളും.