വനിതാ ദിനമായ ഇന്ന് കർഷക സമര കേന്ദ്രങ്ങളുടെ ചുമതല സ്ത്രീകൾ ഏറ്റെടുക്കും. കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം അറിയിക്കാൻ പഞ്ചാബിൽ നിന്ന് കൂടുതൽ വനിതകൾ ഇന്ന് സമരപ്പന്തലിൽ എത്തും.
മഹിളാ കിസാൻ ദിവസ് എന്ന പേരിലാണ് വനിതാ ദിനം കർഷക സംഘടനകൾ ആചാരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സംഘടനകളിലും നിന്നും എത്തിയ വനിതകൾ സമര കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും. സിംഗു, തിക്രി, ഷാജഹാൻപുർ എന്നീ സമരപ്പന്തലുകളിൽ വനിത ദിനത്തോടനുബന്ധിച്ച് പ്രത്യക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ട്രാക്ടർ മാർഗം പഞ്ചാബിൽ നിന്ന് പുറപ്പെട്ട സ്ത്രീകൾ കഴിഞ്ഞ ദിവസം സമര പന്തലിൽ എത്തിച്ചേർന്നിരുന്നു. കേന്ദ്ര സർക്കാർ കൊണ്ട് വന്ന മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം നൂറു ദിവസം പിന്നിട്ടിട്ടും സമവായമായിട്ടില്ല. ബി.ജെ.പി സർക്കാരിനെതിരെ അഭിപ്രായ സ്വരൂപീകരണത്തിനായി മിക്ക സംസ്ഥാനങ്ങളിലും മഹാ പഞ്ചായത്ത് നടന്ന് വരികയാണ്.