തിരുവനന്തപുരം: ഐഫോൺ വിവാദത്തിൽ അറംപറ്റി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ. നേരത്തെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോടിയേരി ഉപയോഗിച്ച പരാമർശങ്ങളാണ് ഇപ്പോൾ തിരിച്ചടിക്കുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഐ ഫോൺ വിവാദം ഉയർന്നുവന്ന വേളയിലായിരുന്നു കോടിയേരിയുടെ വാക്കുകൾ. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി.
‘യുഎഇ കോൺസുലേറ്റിൽനിന്ന് ഈത്തപ്പഴം വാങ്ങുന്നതും ഖുർആൻ വാങ്ങുന്നതുമെല്ലാം പ്രോട്ടോകോൾ ലംഘനമാണ് എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് ഈ ഐഫോൺ ആ പരിപാടിക്കു പോയി സ്വീകരിക്കുക. ഇത് പ്രോട്ടോകോൾ ലംഘനമല്ലേ? പ്രോട്ടോകോൾ ലംഘിച്ചതിന്റെ പേരിൽ ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ്… അങ്ങനെയാണ് എങ്കിൽ പ്രതിപക്ഷ നേതാവും രാജിവയ്‌ക്കേണ്ടേ? അദ്ദേഹവും പ്രോട്ടോകോൾ ലംഘിച്ചില്ലേ? ഏതായാലും കൊടുത്താൽ കൊല്ലത്തും കിട്ടും എന്നിപ്പോൾ മനസ്സിലായില്ലേ? ഇതൊരു ബൂമറാങ്ങായിട്ട് മാറും അവസാനമാകുമ്പോഴേക്ക് എന്ന് ഞങ്ങൾ പറഞ്ഞത് ശരിയായില്ലേ?’
കോടിയേരി ബാലകൃഷ്ണൻ
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ ഉപയോഗിച്ചതിൽ ഒരാൾ കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് എന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. വിനോദിനിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. ആറ് ഐഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങി നൽകിയിരുന്നത്. ഇതിൽ അഞ്ചെണ്ണം ഉപയോഗിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിരുന്നു.
ഏറ്റവും വില കൂടിയത് വിനോദിനിയുടെ പക്കൽ
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷൺ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, പത്മനാഭ ശർമ, ജിത്തു, പ്രവീൺ എന്നിവരാണ് ഫോൺ ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു. എന്നാൽ ഇതിൽ 1.13 ലക്ഷം രൂപ വില വരുന്ന ഫോൺ ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് ഇപ്പോൾ പറയുന്നത്. സ്വർണക്കടത്ത് വിവാദമായതോടെ ഫോൺ ഉപയോഗം നിർത്തി. ഐഎംഇഐ നമ്പർ ഉപയോഗിച്ച് സിം കാർഡ് കണ്ടെത്തിയെന്നും ഫോണിൽ നിന്ന് യൂണിടാക് കമ്പനി ഉടമയെ വിളിച്ചിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് പത്തിന് കൊച്ചിയിൽ വെച്ച് വിനോദിനിയെ ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്.
അതിനിടെ, വിനോദിനിക്ക് താൻ ഫോൺ നൽകിയിട്ടില്ലെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ പ്രതികരിച്ചത്. ഐ ഫോൺ സ്വപ്‌ന സുരേഷിനാണ് നൽകിയത്. സ്വപ്‌ന ആർക്കെങ്കിലും ഫോൺ നൽകിയോയെന്ന് അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.
പാർട്ടി പ്രതിരോധത്തിൽ
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്‌ക്കെതിരെ വന്ന ആരോപണം പാർട്ടിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവങ്ങൾ.
ഫോൺ ഉപയോഗിച്ചത് ആര്? സിംകാർഡ് ഉപയോഗിച്ച് ആരെയെല്ലാം വിളിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം ഐഎംഇഐ നമ്പർ ഉപയോഗിച്ച് കണ്ടെത്താനാകും. ഇതാണ് പാർട്ടിയെ അങ്കലാപ്പിലാക്കുന്നതും.