ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് ഓള് ഔട്ട്. വീണ്ടും സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ സ്വഭാവം കാഴ്ചവെച്ച പിച്ചില്‍ ഇന്ത്യക്കായി എട്ട് വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയത്. ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്റ്റോക്സിന് മാത്രമാണ് അര്‍ദ്ധ സെഞ്ച്വറി നേടാനായത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 75 ഓവറില്‍ എല്ലാവരും പുറത്താകുകയായിരുന്നു. 55 റണ്‍സുമായ ബെന്‍ സ്റ്റോക്സും 46 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സുമാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ജോണി ബെയര്‍സ്റ്റോ(28), ഒല്ലി പോപ്(29) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.
കഴിഞ്ഞ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായ അക്സര്‍ പട്ടേല്‍ ഇംഗ്ലണ്ടിന്റെ നാല് മുന്‍നിര വിക്കറ്റുകളാണ് ഇന്നത്തെ കളിയില്‍ പിഴുതത്. മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളില്‍ നിന്നായി അക്സര്‍ പട്ടേല്‍ പതിനൊന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ നാലും രവിചന്ദ്ര അശ്വിന് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ നേടി. വാഷിംഗ്ടണ്‍ സുന്ദറിനാണ് ഒരു വിക്കറ്റ്.
രണ്ട് ദിവസം കൊണ്ടവസാനിച്ച മൂന്നാം ടെസ്റ്റിനെത്തുടര്ന്നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് നാലാം ടെസ്റ്റിലും ആദ്യ ദിനം തന്നെ ആതിഥേയര്‍ ഓള് ഔട്ട് ആകുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ട് ദിവസത്തിനിടെ മുപ്പത് വിക്കറ്റുകളാണ് വീണത്. മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് 112 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 81 റണ്‍സുമാണ് നേടാന്‍ കഴിഞ്ഞത്. സ്പിന്‍ പിച്ചൊരുക്കി ഇംഗ്ലണ്ട് ബാറ്റ്സമാന്‍മാര്‍ക്ക് കളിക്കാന്‍ കഴിയാത്ത രീതിയില്‍ എത്തിച്ച് മത്സരം വരുതിയിലാക്കാന്‍ ഇന്ത്യ ശ്രമിച്ചു എന്നായിരുന്നു കൂടുതല്‍ വിമര്‍ശനങ്ങളും.