ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഉണ്ടായ ഇടിവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നും തരൂർ വിമർശിച്ചു. മോദിയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമർശനം.
2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്. 2017-18 സാമ്പത്തിക വർഷത്തിൽ താടി കുറവുണ്ടായിരുന്നപ്പോൾ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. അടുത്ത വർഷം താടി അൽപ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തിൽ നിന്നു വ്യക്തം.
ഗ്രാഫിക് ഇല്ലസ്‌ട്രേഷൻ എന്നതിന്റെ അർത്ഥം ഇതാണ് എന്ന തലക്കെട്ടോടെയാണ് കോൺഗ്രസ് നേതാവ് ചിത്രങ്ങൾ പങ്കുവച്ചത്.
അതിനിടെ, ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ രാജ്യത്തിന്റെ ജിഡിപിയിൽ 0.4 ശതമാനം വർധനയുണ്ടായിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്പത്തിക വളർച്ചാ നിരക്ക് തിരിച്ചു കയറിയത്. ജൂൺ പാദത്തിൽ 23.9 ശതമാനത്തിന്റെയും സെപ്തംബർ പാദത്തിൽ 7.5 ശതമാനത്തിന്റെയും ഇടിവാണ് ജിഡിപിയിൽ ഉണ്ടായത്.