ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ വർധിപ്പിച്ചത് കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ടുനിരോധനമാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻസിങ്. നോട്ടുനിരോധനം മൂലം രാജ്യത്തെ അസംഘടിത മേഖല തകർന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘പ്രതീക്ഷ 2030’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പോടിയായാണ് ഡോ സിങ്ങുമായുള്ള ആശയവിനിമയം സംഘടിപ്പിച്ചത്.
സംസ്ഥാനങ്ങളുമായുള്ള പതിവു കൂടിയാലോചനകളും ഫെഡറലിസവുമാണ് ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ മൂലക്കല്ല്. അത് ഭരണഘടന ഉറപ്പു നൽകുന്നതാണ്. നിലവിലെ ഭരണകൂടം അതു ചെയ്യുന്നേയില്ല
ഡോ. മൻമോഹൻസിങ്
കേരളമടക്കം പല സംസ്ഥാനങ്ങളിലും പൊതുമേഖലാ ബാങ്കുകൾ താറുമാറായി. കൂടുതൽ കടമെടുക്കാൻ നിർബന്ധിതമായി. ഭാവി ബജറ്റുകൾക്ക് അതൊരു ബാധ്യതയായി മാറുകയും ചെയ്തു- മൻമോഹൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ സാമൂഹ്യ നിലവാരം ഉയർന്ന തലത്തിലാണ് എന്നും ഭാവിയിൽ മറ്റു മേഖലകളിൽ കൂടി ശ്രദ്ധ കൊടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പുതിയ ആശയങ്ങളാണ് ഉണ്ടാകേണ്ടത്. 1991ൽ ധനമന്ത്രിയായിരിക്കെ ബജറ്റിൽ, ആശയങ്ങളേക്കാൾ ശക്തമായ ഒന്നുമില്ലെന്ന വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ താൻ ഉദ്ധരിച്ചിരുന്നു. യുഡിഎഫ് മുമ്പോട്ടു വയ്ക്കുന്ന വ്യക്തമായ ആശയങ്ങളാണ് മാറ്റങ്ങൾക്ക് വഴിയൊരുക്കുക- മൻമോഹൻ ചൂണ്ടിക്കാട്ടി.
നോട്ടുനിരോധനത്തെ സംഘടിത കൊള്ളയെന്നാണ് മന്‍മോഹന്‍ പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചിരുന്നത്. ‘ആസൂത്രിത കൊള്ളയും നിയമാനുസൃത കവര്‍ച്ചയും’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
വ്യാവസായികോല്‍പാദനം, തൊഴില്‍, വ്യാപാരം എന്നിവ വളരെ മോശമായ ഘട്ടത്തില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍, സമ്പദ്വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.