India Kerala

തെരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധമെന്ന് മൂന്ന് മുന്നണികളും

പ്രചാരണത്തിന് ഒന്നര മാസമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഒരുക്കത്തിലാണ് കേരളത്തിലെ മുന്നണികളെല്ലാം. ഇടത് മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ തന്നെ തങ്ങളുടെ മത്സരാര്‍ഥികളെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. തെരഞ്ഞടുപ്പ് നേരിടാന്‍ സന്നദ്ധമാണെന്ന് സംസ്ഥാനത്തെ മൂന്ന് പ്രധാനപ്പെട്ട മുന്നണി നേതാക്കളും പ്രതികരിച്ചു.

ഒരു മാസം മുന്‍പ് തന്നെ കേരളത്തിലെ മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്നു. എല്‍.ഡി.എഫും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ജാഥകള്‍ പൂര്‍ത്തീകരിച്ചു. ബി.ജെ.പിയുടെ മേഖല ജാഥകള്‍ നടക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഒരു മുഴം നീട്ടി എറിഞ്ഞപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലേക്ക് കടന്നിട്ടില്ല. സി.പി.എം സ്ഥാനാര്‍ഥികള്‍ വരും ദിവസങ്ങളില്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകരുതെന്ന നിലപാട് മറ്റ് രണ്ട് മുന്നണികളിലുമുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറ‍ഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നായിരുന്നു പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. തെര‍ഞ്ഞെടുപ്പിന് ധാരാളം സമയമുണ്ടെന്നും ധൃതിപ്പെട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.