വയനാട്ടില്‍ ആദിവാസി ക്ഷേമ പദ്ധതിയുടെ മറവില്‍ വന്‍ ക്രമക്കേട്. തിരുനെല്ലി കരിമം കോളനിയിലെ എ.ടി.എസ് പദ്ധതി ട്രൈബല്‍ വകുപ്പ് അട്ടിമറിച്ചെന്ന് കോളനി വാസികള്‍ ആരോപിച്ചു. ഒമ്പതര കോടി രൂപയുടെ സമഗ്രവികസന പദ്ധതിപ്രകാരം കരിമം കോളനിയില്‍ ഒരു വീടു പോലും പുനര്‍ നിര്‍മ്മിച്ചിട്ടില്ല.
തിരുനെല്ലിയിലെ കരിമം ഗോത്ര കോളനിയില്‍ 25 ആദിവാസി കുടുംബങ്ങളുണ്ട്. ഇവര്‍ക്കായി 2016ല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ നിന്ന് വീടുകള്‍ റോഡ് പാലം ഉള്‍പെടെ ഒമ്പതര കോടിയുടെ വികസന പദ്ധതിക്കാണ് മുന്‍ സര്‍ക്കാറിന്റെ പട്ടികവര്‍ഗ്ഗ വകുപ്പ് ഫണ്ട് അനുവദിച്ചത്. തുടര്‍ന്ന് പതിനാറ് കുടുംബങ്ങള്‍ വീടിനായി എഗ്രിമെന്റ് വെച്ചിരുന്നു. എന്നാല്‍ മാറി വന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഒന്നും നടപ്പാക്കിയില്ല.
ട്രൈബല്‍ വകുപ്പിന്റെ അനാസ്ഥക്കെതിരെ രണ്ട് തവണ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ അഞ്ച് കൊല്ലമായിട്ടും തങ്ങള്‍ക്ക് തടഞ്ഞിരിക്കുകയാണെന്നാണ് ഇവരുടെ പരാതി. സമഗ്ര പദ്ധതിയില്‍ പാലം പണി പൂര്‍ത്തിയാക്കി റോഡിന്റെ രണ്ട് വശങ്ങളും കെട്ടിയത് മാത്രമാണ് കോളനിക്കാര്‍ക്കായി സര്‍ക്കാര്‍ ചെയ്തത്.