തമിഴ് ഭാഷ അറിയാത്തതിന് ക്ഷമ ചോദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായും. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന വിജയ് സങ്കല്‍പ് യാത്രയില്‍ സംസാരിക്കവെയാണ് അമിത് ഷാ, ക്ഷമ ചോദിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും മധുരമുള്ളതുമായ ഭാഷകളിലൊന്നായ തമിഴ് എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ കഴിയാത്തില്‍ സങ്കടമുണ്ട്, അതില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.
നേരത്തെ തമിഴ്‌നാട്ടിലെ റെയില്‍വെ സ്റ്റേഷനുകളിലെ എല്ലാ അനൗണ്‍സ്‌മെന്റുകളും ഇംഗ്ലീഷിലായിരുന്നു. ഇപ്പോള്‍ അവ തമിഴിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാറ്റം കൊണ്ടുവന്നതെന്നും അമിത് ഷാ പറഞ്ഞു. തമിഴ് പഠിക്കാന്‍ കഴിയാതിരുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്നായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്താതിരുന്നത് കുറവാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
നേരത്തേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പിക്കാനുളള ബി.ജെ.പിയുടെ ശ്രമം വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസനയം 2020ന്റെ ഭാഗമായുളള കേന്ദ്രത്തിന്റെ ത്രിഭാഷ ഫോര്‍മുല കേന്ദ്രം പുറത്തുവിട്ടതോടെയാണ് ഭാഷാപ്രശ്‌നം ഉയര്‍ന്നുവരുന്നത്. തമിഴ് ജനതയ്ക്ക് അവരുടെ ഭാഷയോടും സംസ്‌കാരത്തോടുമുളള വികാരത്തെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.