Kerala

മുല്ലപ്പള്ളിയെ ഉള്‍പ്പെടുത്തി കോഴിക്കോട്ടെ കോണ്‍ഗ്രസിന്‍റെ സാധ്യത പട്ടിക;

കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക കോഴിക്കോട് ഡി.സി.സി തയ്യാറാക്കി. വടകരയില്‍ കെ.കെ രമയെ മത്സരിപ്പിക്കണമെന്ന ശിപാര്‍ശ ഡി.സി.സി കെ.പി.സി.സിക്ക് കൈമാറും. കൊയിലാണ്ടിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിന് പുറമെ പല ഡി.സി.സികളും മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.

വടകരയില്‍ ആര്‍എംപി നേതാവ് കെ.കെ രമയുടെ പേര് ശിപാര്‍ശ ചെയ്യുന്നുവെന്നതാണ് ഡിസിസി പട്ടികയുടെ ഹൈലൈറ്റ്. പക്ഷെ രമയുടെ പേര് ചര്‍ച്ചയിലുള്ളകാര്യം കെ.പി.സി.സി നേത്യത്വം പരസ്യമായി സമ്മതിക്കുന്നില്ല. കൊയിലാണ്ടിയില്‍ മുല്ലപ്പള്ളിയുടെ പേര് ഉള്‍പ്പെടുത്തിയാണ് പട്ടിക.

ഡിസിസി പ്രസിഡന്‍റ് യു. രാജീവന്‍ മാസ്റ്ററുടെ പേരും എന്‍. സുബ്രഹ്മണ്യന്‍റെ പേരും കൊയിലാണ്ടി ലിസ്റ്റിലുണ്ട്. നാദാപുരത്ത് കെ. പ്രവീണ്‍ കുമാറിന്‍റെ പേര് മാത്രമേയുള്ളൂ. കോഴിക്കോട് നോര്‍ത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെയും വിദ്യാ ബാലക്യഷ്ണന്‍റെയും പേരുകളുണ്ട്. അഭിജിത്തിനെ പേരാമ്പ്രയിലും പരിഗണിക്കുന്നു. അല്ലെങ്കില്‍ പി.എം നിയാസ്,കെ.സി അബു എന്നിവര്‍ക്കാണ് മുന്‍ഗണന. എലത്തൂരില്‍ നിജേഷ് അരവിന്ദ്, ദിനേഷ് മണി എന്നിവരെ ഉള്‍പ്പെടുത്തി. കെ.എം ഗംഗേഷ്, ഉഷാദേവി ടീച്ചര്‍ എന്നീ പേരുകളാണ് ബേപ്പൂരിന്‍റെ ലിസ്റ്റിലുള്ളത്.