പത്രങ്ങളുടെ ആധികാരികമായ ഉള്ളടക്കം പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യയില്‍ ഗൂഗിള്‍ തങ്ങളുടെ വിശ്വാസ്യത ഉറപ്പിച്ചതെന്നും ഇതിന് പത്രങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കണമെന്നും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി. ഇതു സംബന്ധിച്ച് ഐ.എന്‍.എസ് ഗൂഗിളിന് കത്തെഴുതി. പത്രങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചാണ് ഗൂഗിളിന് ഇന്ത്യയില്‍ പറയത്തക്ക ഒരു വിശ്വാസ്യതയുണ്ടായതെന്നും അതുകൊണ്ട് തന്നെ അതില്‍ നിന്നും ലഭിക്കുന്ന പരസ്യവരുമാനം നീതിയുക്തമായ രീതിയില്‍ ഗൂഗിള്‍ ഇന്ത്യയിലെ പത്രസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. ഗൂഗിള്‍ ഇന്ത്യ കണ്ട്രി മാനേജര്‍ സഞ്ജയ് ഗുപ്തക്ക് ഐ.എന്‍.എസ് പ്രസിഡന്റ് ആദിമൂലമാണ് കത്തയച്ചത്.
വന്‍തോതില്‍ പണം ചിലവഴിച്ച് ആയിരക്കണക്കിന് ജേര്‍ണലിസ്റ്റുകളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പത്രങ്ങള്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നത്. ഈ ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ പ്രസാധകര്‍ക്കുള്ള വിഹിതം 85 ശതമാനമായി ഉയര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയും, ഡിജിറ്റല്‍ മേഖലയില്‍ നിന്നുമുള്ള പണം കുറയുന്നതും ഇന്ത്യയിലെ പത്രങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്.
ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പത്രസ്ഥാപനങ്ങളിള്ക്ക് ഇത്തരത്തില്‍ അര്‍ഹമായ പ്രതിഫലം നല്കാന് ഗൂഗിള്‍ നേരത്തെ തയ്യാറായിരുന്നു. ഈ രീതിയില്‍ ഇന്ത്യയിലെ പത്രങ്ങള്‍ക്കും പ്രതിഫലം നല്‍കണമെന്നും ആവശ്യങ്ങളിലുണ്ട്.
വിഹിതം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ പരസ്യവരുമാനത്തെ സംബന്ധിച്ചും ഗൂഗിള്‍ സുതാര്യത പുലര്‍ത്തണമെന്നും ഐ.എന്‍.എസ് പറയുന്നു. കൂടാതെ വിശ്വസനീയമായ ഇടങ്ങളില്‍ നിന്ന് മാത്രം വാര്‍ത്തകള്‍ സ്വീകരിച്ച് വാര്‍ത്തയുടെ ആധികാരികത ഉറപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.