ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാക് വാദം നുണയാണെന്ന് ഇന്ത്യ. തെളിവുണ്ടെങ്കില്‍ പാകിസ്താന് പുറത്ത് വിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരെ എഫ് 16 യുദ്ധവിമാനം പാകിസ്താന് ഉപയോഗിച്ചത് വില്‍പ്പന കരാറിന്റെ ലംഘനമാണോയെന്ന് അമേരിക്ക പരിശോധിക്കണം. ഇന്ത്യ -പാകിസ്താന് ഹൈക്കമ്മീഷണര്‍മാര്‍ അവരവരുടെ ഓഫീസുകളില്‍ ഉടന്‍ തിരിച്ചെത്തുമെന്നും വിദേശകാര്യ മന്ത്രാലം അറിയിച്ചു.
പുതിയ പാകിസ്താനാണെന്നുള്ള അവകാശവാദം ഉയര്‍ത്തുന്നതിനൊപ്പം പാകിസ്താന് സ്വന്തം മണ്ണിലെ ഭീകരവാദത്തിനെതിരെ പുതിയ നടപടികള്‍ എടുക്കാന്‍ കൂടി തയ്യാറാകണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്ഷെ മുഹമ്മദ് ആണെന്ന് അംഗീകരിക്കാന്‍ പോലും പാകിസ്താന് കഴിയുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഇന്ത്യക്കെതിരെ പാകിസ്താന് എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചത് വില്‍പ്പന കരാറിന്റെ ലംഘനമാണോയെന്ന് പരിശോധിക്കാന്‍ അമേരിക്കയോട് അഭ്യര്‍ത്ഥിച്ചതായും വിദേശകാര്യ വക്താവ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കലുഷിതമായ സാഹചര്യത്തിന് മാറ്റം വന്നതിനാല്‍ ഇരു രാജ്യത്തേയും ഹൈക്കമ്മീഷണര്‍മാര്‍ ഓഫീസുകളില്‍ മടങ്ങിയെത്തും. ഇന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബസാരിയ ഇസ്ലാമാബാദിലെത്തിയേക്കും. ഇന്ത്യയിലെ പാകിസ്താന് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമ്മൂദും ശനിയാഴ്ച ഡല്‍ഹിയിലെത്തും. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് ഹൈകമ്മീഷണര്‍മാരെ തിരികെ വിളിച്ചത്.