Uncategorized

ഞങ്ങളെ അങ്ങനെയല്ല വിളിക്കേണ്ടത്…’ വിദ്യാർത്ഥിയെ തിരുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

വാദം കേൾക്കലിനിടെ ‘യുവർ ഓണർ’ എന്ന് അഭിസംബോധന ചെയ്ത നിയമവിദ്യാർത്ഥിയോട് വിയോജിപ്പ് രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്. ‘യുവർ ഓണർ’ എന്നുവിളിക്കുന്നത് യു.എസ് സുപ്രീംകോടതിയെയോ മജിസ്‌ട്രേറ്റിനെയോ ആണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപണ്ണ, വി. രാമസുബ്രഹ്‌മണ്യൻ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.

നിയമ വിദ്യാർത്ഥിയായ ഹരജിക്കാരൻ കീഴ്‌ക്കോടതികളിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് വാദിക്കുന്നതിനിടെയാണ് ‘യുവർ ഓണർ’ എന്നു പ്രയോഗിച്ചത്. ‘താങ്കൾ യുവർ ഓണർ എന്നു വിളിക്കുമ്പോൾ യു.എസ് സുപ്രീംകോടതിയോ മജിസ്‌ട്രേറ്റോ ആയിരിക്കും മനസ്സിൽ. ഞങ്ങൾ അത് രണ്ടുമല്ല.’ – എസ്.എ ബോബ്‌ഡെ പറഞ്ഞു. ഉടൻതന്നെ മാപ്പുപറഞ്ഞ ഹരജിക്കാരൻ ഇനിമുതൽ താൻ ‘മൈ ലോർഡ്‌സ്’ എന്നു വിളിക്കാം എന്നും അറിയിച്ചു. തെറ്റായ പദപ്രയോഗങ്ങൾ നടത്തരുതെന്ന് ചീഫ് ജസ്റ്റിസ് ഇതിനു മറുപടി നൽകി.

‘മൈ ലോർഡ്’, ‘യുവർ ലോർഡ്ഷിപ്പ്’ തുടങ്ങിയ പദപ്രയോഗങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശിവ് സാഗർ തിവാരി നൽകിയ ഹരജി 2014 ജനുവരി ആറിന് അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തുവും എസ്.എ ബോബ്‌ഡെയും അടങ്ങിയ ബെഞ്ച് വാദംകേട്ട് തള്ളിയിരുന്നു. ഈ പദങ്ങൾ അടിമത്തകാലത്തെ ഓർമിപ്പിക്കുന്നുവെന്നും, രാജ്യത്തിന്റെ അന്തസ്സിനു നിരക്കാത്ത ഇത്തരം വാക്കുകളുടെ ഉപയോഗം രാജ്യത്തെ മുഴുവൻ കോടതികളിലും വിലക്കണം എന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ജഡ്ജിമാരെ അഭിസംബോധന ചെയ്യുമ്പോൾ ഇത്തരം വാക്കുകൾ നിർബന്ധമില്ലെന്നും യുവർ ഓണർ എന്നോ, സർ എന്നോ, ലോർഡ്ഷിപ്പ് എന്നോ, മറ്റേതെങ്കിലും ബഹുമാനപദങ്ങളാലോ ജഡ്ജിമാരെ വിളിക്കാം എന്നുമായിരുന്നു ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.

‘മൈ ലോർഡ്’, ‘യുവർ ലോർഡ്ഷിപ്പ്’ തുടങ്ങിയ പദപ്രയോഗങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശിവ് സാഗർ തിവാരി നൽകിയ ഹരജി 2014 ജനുവരി ആറിന് അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തുവും എസ്.എ ബോബ്‌ഡെയും അടങ്ങിയ ബെഞ്ച് വാദംകേട്ട് തള്ളിയിരുന്നു.

2009-ൽ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ചന്ദ്രു തന്നെ ‘മൈ ലോർഡ്’ എന്ന് വിളിക്കരുതെന്ന് അഭിഭാഷകരോട് നിർദേശിച്ചിരുന്നു. ഈ വർഷാദ്യം ജസ്റ്റിസ് മുരളീധറും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തി. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ നായർ ജില്ലാ ജുഡീഷ്യറി ഓഫീസർമാർക്ക് തന്നെ സർ എന്നു വിളിച്ചാൽ മതിയെന്ന് നിർദേശിച്ച് കത്തയക്കുകയും ചെയ്തു.