National

രാജ്യത്ത് പുതിയ കോവിഡ് ചട്ടം ഇന്ന് മുതല്‍: ബോധവത്കരണവുമായി വിമാനക്കമ്പനികള്‍

ഇന്ത്യയിൽ പുതിയ കോവിഡ് ചട്ടം ഇന്ന് നടപ്പിലാകുന്നതു മുൻനിർത്തി യാത്രക്കാർക്കിടയിൽ വിമാന കമ്പനികളുടെ ബോധവത്കരണം സജീവം.

ഗൾഫിൽ നിന്നുൾപ്പെടെ പോകുന്ന യാത്രക്കാർ 72 മണിക്കൂർ കാലാവധിയുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് പുതിയ ചട്ടങ്ങളിൽ പ്രധാനം. കുട്ടികൾക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. ഇന്ന് അർധരാത്രി പിന്നിടുന്നതോടെയാണ് ഇന്ത്യയിൽ നിയമം പ്രാബല്യത്തിൽ വരിക.

പുതിയ ചട്ടം കുടുംബസമേതം പോകുന്ന യാത്രക്കാരെയാണ് കൂടുതൽ ബാധിക്കുക. എല്ലാ യാത്രക്കാർക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പി.സി.ആർ ടെസ്റ്റ് ഉറപ്പാക്കണമെങ്കിൽ തന്നെ സാധാരണക്കാർക്കും പ്രവാസി കുടുംബങ്ങൾക്കും വലിയൊരു തുക തന്നെ കണ്ടെത്തേണ്ടി വരും.

150 ദിർഹം വരെയാണ് യു.എ.ഇയിൽ കോവിഡ് പി.സി.ആർ ടെസ്റ്റിന് ഈടാക്കി വരുന്നത്. ഇതിനുപുറമെ നാട്ടിൽ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ സ്വന്തം ചെലവിൽ കോവിഡ് മോളിക്യുലാർ പരിശോധനയും വേണമെന്നാണ് ചട്ടം. അതിന് എത്ര തുക നൽകേണ്ടി വരുമെന്ന കാര്യം ഇനിയും വ്യക്തമല്ല.

ഈ മാസം 22ന് രാത്രി മുതൽ പുതിയ പ്രോേട്ടാകാൾ സംവിധാനം നടപ്പാകുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. 72 മണിക്കൂർ സമയപരിധിയുള്ള പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം എയർസുവിധ പോർട്ടലിൽ യാത്രയ്ക്കു മുൻപ് അപ് ലോഡ് ചെയ്തിരിക്കണം. ഇതിനൊപ്പം സ്വയം പ്രസ്താവനാ പത്രവും അപ് ലോഡ് ചെയ്യണം. പിന്നിട്ട 14 ദിവസത്തിനിടെയുള്ള യാത്രാവിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്.