Entertainment

പോരായ്മകളോട് പോകാൻ പറ; പിടിച്ചിരുത്തുന്ന ത്രില്ലറായി ദൃശ്യം 2

ദൃശ്യം 2 ചിത്രീകരണഘട്ടത്തിലും റിലീസിനു മുമ്പും സംവിധായകൻ ജീത്തു ജോസഫ് നൽകിയ അഭിമുഖങ്ങളിലെല്ലാം പറഞ്ഞിരുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു.

ഒന്ന്, ദൃശ്യം ഒന്ന് പോലെ സംഭവബഹുലവും ആക്ഷൻ പാക്ക്ഡും ആയൊരു സിനിമയല്ല രണ്ടാം ഭാഗം. ഇത് പ്രധാന കഥാപാത്രങ്ങളുടെ മാനസിക വ്യവഹാരങ്ങളുമായും ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ചുറ്റുമുള്ള സമൂഹത്തിന്റെ പ്രതികരണങ്ങളുടെയും കഥയാണ്. ഇൻഡസ്ട്രി ഹിറ്റായ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോഴുള്ള അമിത പ്രതീക്ഷകൾ തന്റെ ചിത്രത്തെ ബാധിക്കരുതെന്ന ചിന്തയിൽ നിന്നാണ് ജീത്തുവിന്റെ ഈ പ്രസ്താവന എന്ന് സിനിമാ ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

പോരായ്മകളോട് പോകാൻ പറ; പിടിച്ചിരുത്തുന്ന ത്രില്ലറായി ദൃശ്യം 2

രണ്ടാമത്തെ കാര്യം, ദൃശ്യം 2 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്, അതിനു വേണ്ടിയാണ് ശ്രമിക്കുന്നതും. കോവിഡ് മഹാമാരി കാരണം അടഞ്ഞുകിടന്ന കേരളത്തിലെ തിയേറ്ററുകൾ പതുക്കെപ്പതുക്കെ തുറന്നു തുടങ്ങുന്ന ഘട്ടത്തിൽ പ്രേക്ഷകരെ കൂട്ടത്തോടെ തിയേറ്ററുകളിലെത്തിക്കാൻ സഹായിക്കും എന്നൊരു പ്ലസ് പോയിന്റ് ഈ നിലപാടിനുണ്ടായിരുന്നു. പക്ഷേ, ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോം ആയ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ തീരുമാനിച്ചത്. ഇൻഡസ്ട്രിയിൽ ചില കോലാഹലങ്ങൾക്കൊക്കെ വഴിവെച്ചെങ്കിലും ദൃശ്യം 2 ആമസോൺ പ്രൈമിൽ തന്നെ റിലീസ് ചെയ്യുകയും ചെയ്തു.

ഇത് മാറിയ കാലത്തെ ദൃശ്യമാണ്

ജീത്തു പറഞ്ഞ ഒന്നാമത്തെ കാര്യം ശരിവെക്കും വിധമുള്ള ഒരു ചിത്രമാണ് ദൃശ്യം 2. ആദ്യഭാഗം പോലെ ബഹളമയമായ ഒരു ചിത്രമല്ല ഇത്. എന്നാൽ, പൊതുവെ രണ്ടാംഭാഗ ചിത്രങ്ങൾക്ക് സംഭവിക്കാറുള്ളതു പോലെ ഒന്നാം ഭാഗത്തിന്റെ പേര് ചീത്തയാക്കിയില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തെളിയാതെ അവസാനിച്ച കുറ്റകൃത്യത്തിനും പൊലീസ് നടപടികൾക്കും ശേഷം, ജോർജ് കുട്ടിയുടെ കുടുംബത്തിൽ ഏതുവിധത്തിലുള്ള മാറ്റങ്ങളാണുണ്ടായതെന്നും സമൂഹം അവരെ എങ്ങനെയാണ് കാണുന്നതെന്നും ഏറെ നാണക്കേടുണ്ടാക്കിയ ഒരു കേസിനെ പൊലീസ് പിന്നെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നുമാണ് ദൃശ്യം 2 പറഞ്ഞുവെക്കുന്നത്.

പോരായ്മകളോട് പോകാൻ പറ; പിടിച്ചിരുത്തുന്ന ത്രില്ലറായി ദൃശ്യം 2

സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റവും പോകുന്ന ജോർജ് കുട്ടിയും, അഭിമാനപ്രശ്‌നമായ കേസ് എങ്ങനെയും തെളിയിക്കാൻ കച്ചകെട്ടിയിറങ്ങിയ പൊലീസും തമ്മിലുള്ള കളിയാണ് ചിത്രത്തിലെ പ്രമേയം. 2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിൽ നിന്നു വ്യത്യസ്തമായി ഇവിടെ ആ കളിയിൽ ഇരുകൂട്ടരും വിജയിക്കുന്നുണ്ട്. മാത്രവുമല്ല, വേണമെങ്കിലൊരു മൂന്നാം ഭാഗം കൂടി ഉണ്ടാക്കാമെന്ന തോന്നൽ ബാക്കിവെച്ചാണ് എൻഡ് ടൈറ്റിലുകൾ തെളിയുന്നത്. ഇത്തരമൊരു സങ്കൽപത്തിന് അനുസൃതമായ പരിചരണമാണ് സംവിധായകൻ നൽകിയിരിക്കുന്നത്.

അതുക്കുംമേലെയുള്ള കഥയാണ് നട്ടെല്ല്

പൊലീസിന്റെ അന്വേഷണത്തെ അതിജയിക്കുന്ന ബുദ്ധിപരമായ മിടുക്കായിരുന്നു ഒന്നാം ഭാഗത്തിൽ ജോർജ് കുട്ടിയുടെ ഹൈലൈറ്റ്. അയാളുടെ നീക്കങ്ങളിലെ ട്വിസ്റ്റുകളും ടേണുകളും ഒന്നാം ദൃശ്യത്തിന്റെ അവസാനഘട്ടങ്ങളെ ഉദ്വേഗ ഭരിതമാക്കി. കഥാന്ത്യത്തിൽ സംശയമേതുമില്ലാതെ നാട്ടുകാരെയും പ്രേക്ഷകരെ തന്നെയും ജോർജ് കുട്ടിക്കൊപ്പം നിർത്തിയാണ് ചിത്രം ഏഴു വർഷംമുമ്പ് അവസാനിച്ചത്. രണ്ടാം ഭാഗത്തിൽ പക്ഷേ, ചിത്രത്തിനുള്ളിലെ നാട്ടുകാരെന്ന പോലെ പുറത്തെ പ്രേക്ഷകരും പൂർണമായി ജോർജ് കുട്ടിക്കൊപ്പമല്ല. അന്ന് അയാൾ ഒളിച്ചുവെച്ചത് ഇത്തവണ വെളിപ്പെടണമെന്നും അതിനെ അയാളെങ്ങനെ അതിജീവിക്കുന്നുവെന്ന് കാണണമെന്നുമായിരുന്നു പ്രേക്ഷകതാൽപര്യം. അതേ ട്രാക്കിൽ തന്നെ ചിന്തിച്ചാണ് ജീത്തു കഥയൊരുക്കിയിരിക്കുന്നത്. എന്നാൽ, സാധാരണ പ്രേക്ഷകർക്ക് ചിന്തിക്കുന്നതിനും അപ്പുറത്തെത്തിച്ചു എന്നതാണ് ആ കഥയുടെ മിടുക്ക്. ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന് അവിടെ നൂറിൽ 80 മാർക്കെങ്കിലും നൽകാം.

പോരായ്മകളുണ്ട്, പക്ഷേ…

ഏറെക്കുറെ ശക്തമായ തിരക്കഥയുടെ മുകളിൽ പണിതൊരുക്കിയ ദൃശ്യം 2-ന്, ഒന്നു ചൂഴ്ന്നു നോക്കിയാൽ കാണാവുന്ന നിരവധി പോരായ്മകളുണ്ട്. പതിയെ തുടങ്ങുന്ന ആദ്യഘട്ടങ്ങളുടെ പരിചരണം പ്രതീക്ഷക്കൊത്തുയർന്നില്ല എന്നുമാത്രമല്ല, വിശ്വസനീയമായ രീതിയിൽ കാര്യങ്ങൾ പറയുന്നതിൽ സംവിധായകൻ പരാജയപ്പെടുകയും ചെയ്യുന്നു. ഒന്നാം ദൃശ്യത്തിനു ശേഷമുള്ള ജോർജ് കുട്ടിയുടെ പരിണാമങ്ങൾ ഏറെക്കുറെ നീളൻ ഡയലോഗുകളിലൂടെയാണ് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. എന്നാൽ, കഥ ട്രാക്കിലേക്ക് കയറുന്നതോടെ സംവിധാനത്തിലെ ഈ പോരായ്മകൾ പരിഹരിക്കപ്പെടുന്നുണ്ട്. പല അഭിനേതാക്കളുടെയും പ്രകടനത്തിൽ മുഴച്ചുനിൽക്കുന്ന കൃത്രിമത്വം, അവിശ്വസനീയമായ ചില ഡയലോഗുകൾ, പശ്ചാത്തല സംഗീതത്തിലെ പോരായ്മകൾ തുടങ്ങിയവ അവഗണിക്കാൻ പ്രേക്ഷകനെ സഹായിക്കുന്നത് കഥയിലെ ഈ മുറുക്കമാണ്.

പോരായ്മകളോട് പോകാൻ പറ; പിടിച്ചിരുത്തുന്ന ത്രില്ലറായി ദൃശ്യം 2

ഒരു ത്രില്ലറിന്, അതും മെഗാഹിറ്റായ ഒരു ചിത്രത്തിന്റെ സീക്വലിന് തിരക്കഥയൊരുക്കുമ്പോൾ എത്ര ശ്രദ്ധിച്ചാലും വന്നുപോകുന്ന ചില വീഴ്ചകളുണ്ട്. അത് ഈ ചിത്രത്തിലും കാണാം.

പെർഫെക്ട് ആയി അവസാനിക്കുന്ന ജോർജ് കുട്ടിയുടെ പൊലീസ് സ്റ്റേഷൻ ആയിരുന്നു ദൃശ്യം ഒന്നാം ഭാഗത്തിന്റെ എൻഡ് പഞ്ച്. എന്നാല്‍, ആ രംഗത്തിനു തന്നെ ഒരു പഴുതുണ്ടാക്കിയാണ് രണ്ടാം ഭാഗം ജീത്തു വികസിപ്പിക്കുന്നത്. ഇത് കല്ലുകടിയായിത്തോന്നി. തന്റെ കാര്യസാധ്യത്തിനു വേണ്ടി കോട്ടയത്തും ചെന്നൈയിലുമെല്ലാം ചെന്ന് കരുക്കൾ നീക്കുന്ന ജോർജ് കുട്ടിക്ക്, താരതമ്യേന ചെറിയ കാര്യങ്ങളിൽ പിഴവ് വരുന്നതും കണ്ടു. എങ്കിൽപോലും അവയൊന്നും മുഴച്ചുനിൽക്കാത്ത വിധം സിനിമ മുന്നോട്ടു കൊണ്ടുപോകാൻ ജീത്തുവിന് കഴിഞ്ഞിട്ടുണ്ട്.

മോഹൻലാലിനൊരു വെല്ലുവിളിയല്ല

കേന്ദ്ര കഥാപാത്രമായ ജോർജ് കുട്ടിയെ അവതരിപ്പിച്ച മോഹൻലാൽ ചിത്രം ആവശ്യപ്പെടുന്ന മിതത്വവും വൈകാരികതയും സമന്വയിപ്പിച്ചാണ് അഭിനയിച്ചത്. മോഹൻലാലിലെ നടന് വെല്ലുവിളിയുയർത്തുന്ന ഒന്നും ചിത്രത്തിലുണ്ടായിരുന്നില്ല. ജോർജ് കുട്ടിയുടെ ഭാര്യയെ അവതരിപ്പിച്ച മീന, മക്കളുടെ വേഷമിട്ട അൻസിബ, എസ്‌തേർ എന്നിവരും വലിയ തട്ടുകേടില്ലാതെ തങ്ങളുടെ ഭാഗങ്ങൾ അവതരിപ്പിച്ചു. ഐ.ജി തോമസ് ബാസ്റ്റിനായെത്തിയ മുരളി ഗോപിയുടെയും ഷാഡോ പൊലീസ് സരിത ആയി ഇരട്ട റോളിൽ എത്തിയ അഞ്ജലി നായരുടെയും പ്രകടനങ്ങളുടെ എടുത്തുപറയേണ്ടതാണ്.

ഒന്നാം ഭാഗത്തിൽ വൈകാരിക രംഗങ്ങളിൽ മികവു പുലർത്തിയ ആശാ ശരത്തിന് ആ മികവ് രണ്ടാം ഭാഗത്തിൽ കൈമോശം വന്നതുപോലെ. ഉടനീളമുള്ള ഒരേ ഭാവം സിദ്ധിക്കിന്റെ അഭിനയശേഷി പരീക്ഷിക്കുന്നതായിരുന്നില്ല.

അതേസമയം, ഒന്നാം ദൃശ്യത്തിൽ ഞെട്ടിച്ച പ്രകടനം കാഴ്ചവെച്ച കോൺസ്റ്റബിൾ സഹദേവൻ രണ്ടാം ഭാഗത്തിൽ ചില പരാമർശങ്ങളിലൊതുങ്ങി. ജോർജ് കുട്ടിയുടെ കേബിൾ ടി.വി ഓഫീസിലെ ജീവനക്കാരൻ മോനിച്ചൻ എന്ന കഥാപാത്രമായിരുന്ന നീരജ് മാധവിനെയും ചിത്രത്തിൽ കണ്ടില്ല.

പോരായ്മകളോട് പോകാൻ പറ; പിടിച്ചിരുത്തുന്ന ത്രില്ലറായി ദൃശ്യം 2

ശക്തിദൗർബല്യങ്ങൾ

മുകളിൽ പറഞ്ഞതു പോലെ ചിത്രത്തിന്റെ ഏറ്റവും ശക്തമായ മേഖല തിരക്കഥ തന്നെയാണ്. സമയമെടുത്ത് ഏറെ ആലോചിച്ചാണ് സംവിധായകൻ കൂടിയായ ജീത്തു തിരക്കഥയെഴുതിയിരിക്കുന്നത്. സതീഷ് കുറുപ്പ് പകർത്തിയ ദൃശ്യങ്ങളും വി.എസ് വിനായകിന്റെ എഡിറ്റിങ്ങും ചിത്രം ആവശ്യപ്പെടുന്ന ചടുലത നിലനിർത്തുന്നതിൽ നിർണായകമാണ്.

അനിൽ ജോൺസന്റെ സംഗീതം ദൃശ്യം 2-ന്റെ ദുർബല ഭാഗങ്ങളിലൊന്നാണ്. തുടക്കത്തിൽ അമേച്വറിഷ് എന്നു തോന്നിച്ച പശ്ചാത്തല സംഗീതം പിന്നീട് ത്രില്ലർ മൂഡിനൊപ്പം സഞ്ചരിക്കുന്നുണ്ടെങ്കിലും ശരാശരിക്കു മുകളിൽ പോകുന്നില്ല. ‘ഒരേ പകൽ’ എന്ന പാട്ട് ഒറ്റക്കേൾവിക്കപ്പുറം നിലനിൽക്കാൻ തക്ക പ്രത്യേകതയുള്ളതായി തോന്നിയില്ല. രാജീവ് കോവിലകത്തിന്റെ ആർട്ട് ഡയറക്ഷൻ മതന്നെ ചിത്രത്തോടൊപ്പം സഞ്ചരിച്ചപ്പോൾ ലിന്റ ജീത്തുവിന്റെ വസ്ത്രാലങ്കാരവും ജിതേഷ് പൊയ്യയുടെ മെയ്ക്ക് അപ്പും മുഴച്ചുനിന്നു. വീട്ടിനകത്തായിരിക്കുമ്പോഴും പുത്തൻപുതിയ, ഉടയാത്ത സാരിയും ഒറ്റക്കാഴ്ചയിൽ തന്നെ തിരിച്ചറിയുന്ന മെയ്ക്ക്അപ്പും അണിഞ്ഞുനിൽക്കുന്ന റാണി എന്ന കഥാപാത്രം ഇതിനു തെളിവായി.

വെർഡിക്ട്

ദൃശ്യം കണ്ടവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം എന്നതാണ് ദൃശ്യം 2-ന് നൽകാൻ കഴിയുന്ന വെർഡിക്ട്. പോരായ്മകളും വീഴ്ചകളുമൊക്കെ ഹരിച്ചാലും പത്തിൽ 7.5 മാർക്കെങ്കിലും നൽകാം. സാങ്കേതിക വശങ്ങളിൽ ഒരൽപം കൂടി ശ്രദ്ധ വെച്ചിരുന്നെങ്കിൽ ടോട്ടൽ മേക്കിങ്ങിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാമായിരുന്നുവെന്നും ഒരു ചലച്ചിത്രാനുഭവം എന്ന നിലയിൽ ദൃശ്യം 2 ഇപ്പോഴുള്ളതിനേക്കാൾ 50 ശതമാനമെങ്കിലും മികവ് കൈവരിക്കുമായിരുന്നുവെന്നും പറഞ്ഞു നിർത്താം.