മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ സംശയത്തിന്റെ നിഴലില്‍ കഴിയുകയാണ് വയനാട് ലക്കിടിയിലെ പ്രിയദര്‍ശിനി ആദിവാസി കോളനി. കാടിനോട് ചേര്‍ന്ന കോളനിയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട് തവണ മാവോയിസ്റ്റുകളെത്തിയിരുന്നു. അരിയും ഭക്ഷ്യ വസ്തുക്കളും വാങ്ങി തിരിച്ചുപോകുന്ന മാവോയിസ്റ്റുകള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയില്ലെന്നും ആദിവാസികള്‍ പറയുന്നു. ഇപ്പോള്‍ പൊലീസ് വീടുകളിലെത്തി സംശയത്തോടെ കാണുന്നതായും കോളനിക്കാര്‍ക്ക് പരാതിയുണ്ട് .
ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ പൊലീസ് വെടിവെച്ച് കൊന്ന സ്വകാര്യ റിസോര്‍ട്ടിന് പിന്‍വശത്തെ കാടിനോട് ചേര്‍ന്നാണ് 12 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന പ്രിയദര്‍ശിനി കോളനി. വെടിവെപ്പിന് രണ്ട് ദിവസം മുന്‍പ് തിങ്കളാഴ്ചയും ഈ കോളനിയില്‍ മാവോയിസ്റ്റുകളെത്തിയിരുന്നു.തൊട്ടടുത്ത് റിസോര്‍ട്ടില്‍ വെടിവെപ്പ് നടന്ന ശേഷം കോളനിയിലെത്തിയ പൊലീസ് തങ്ങളെ സംശയിക്കുന്നതായും ഇവര്‍ പറയുന്നു. കോളനിയിലെ മിക്ക വീടുകളിലുമെത്താറുള്ള മാവോയിസ്റ്റുകള്‍ ഇതുവരെ ഭീഷണിപ്പെടുത്തിയിരുന്നില്ലെന്നും ഭക്ഷണം തേടി മാത്രമാണവര്‍ കോളനിയിലെത്തിയിരുന്നതെന്നുമാണ് ഈ ആദിവാസികള്‍ പറയുന്നത്.