മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. ശശി തരൂരിനും സി.ദിവാകരനും കുമ്മനം രാജശേഖരനും വോട്ട് അഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തുകള്‍ നഗരത്തില്‍ കണ്ടു തുടങ്ങി. മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
യു.ഡി.എഫ്-എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ചുമരെഴുത്തുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുമ്പെ കാണാന്‍ കഴിയുന്ന മണ്ഡലം ഒരുപക്ഷെ തിരുവനന്തപരുത്തായിരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി തരൂര്‍ നേരത്തെ തന്നെ ഉറപ്പായിരുന്നു. തരൂരിന് വേണ്ടിയുള്ള പ്രചരണനും നേരത്തെ തുടങ്ങി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി. ദിവാകരനെ കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെ ദിവാകരന് വേണ്ടിയും ചുമരെഴുത്തുകള്‍ ആരംഭിച്ചു. മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ ഇന്നലെ തന്നെ ബി.ജെ.പി ക്യാമ്പും പ്രചരണം തുടങ്ങി.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് അടുത്ത ദിവസം നടക്കും. കോണ്‍ഗ്രസിന്റെയും ബി.ജെ.പി യുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാലെ കണ്വെന്ഷന് ഉള്‍പ്പെടെയുള്ള പരിപാടികളിലേക്ക് അവര്‍ കടക്കൂ. തരൂര്‍ വിജയം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനം ഒന്നാം സ്ഥാനമാക്കാനാണ് ദിവാകരനിലൂടെ സി.പി.ഐ ശ്രമിക്കുന്നത്. ബി.ജെ.പി യുടെ പാര്‍ലമെന്റിലേക്കുള്ള അക്കൌണ്ട് തുറക്കാനാണ് ബി.ജെ.പി കുമ്മനത്തെ ഇറക്കിയത്.