Kerala

കണ്ണൂര്‍ പാപ്പിനിശേരി മേൽ പാലത്തിന്‍റെ നിർമാണത്തിൽ വന്‍ ക്രമക്കേട് നടന്നതായി വിജിലൻസ്

കണ്ണൂര്‍ പാപ്പിനിശേരി മേൽ പാലത്തിന്‍റെ നിർമാണത്തിൽ വന്‍ ക്രമക്കേട് നടന്നതായി വിജിലൻസ്. വിശദമായ അന്വേക്ഷണം ആവശ്യപ്പെട്ട് വിജിലന്സ് ഡയറക്ടർക്ക് കണ്ണൂര്‍ വിജിലൻസ് ഡി.വൈ.എസ്.പി റിപ്പോർട്ട് നൽകി. പാലത്തിന്‍റെ ജോയന്‍റുകളിലുണ്ടായ വിളളല്‍ ഗുരുതരമാണെന്നും വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എക്സ് കമ്പനിയാണ് പാപ്പിനിശ്ശേരി മേൽപാലവും നിർമിച്ചത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ വിളളല്‍ രൂപപ്പെട്ടന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പാപ്പിനിശേരി മേല്‍പാലത്തില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിജിലന്‍സിന്‍റെയും പൊതു മരാമത്ത് വകുപ്പിന്‍റെയും എഞ്ചിനീയര്‍മാര്‍ നടത്തിയ ഈ പരിശോധനയിലാണ് പാലം നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. എക്സ്പാന്‍ഷന്‍ ജോയിന്‍റുകളിലെ വിള്ളലാണ് പ്രധാന പ്രശ്നം. പാലത്തിന്‍റെ ബെയറിംഗ് മൂവ്മെന്‍റുകളിലും തകരാര്‍ കണ്ടെത്തിയിട്ടുണ്ട്.

വാഹനങ്ങള്‍ കടന്നു പോകുമ്പോഴുളള പ്രകമ്പനം കൂടുതലാണന്നും പ്രാഥമിക പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കെ.എസ്.ഡി.പിയോട് വിജിലന്സ് ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച് വിശദ അന്വേക്ഷണം നടത്തണമെന്നും വിജിലന്സ് ഡയറക്ടര്‍ക്ക് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.