International

അറബ് ലോകത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം ‘ഹോപ്പ് പ്രോബ്’ ഇന്ന് ലക്ഷ്യത്തിലേക്ക്

ഇന്ത്യയുടെ മംഗൾയാൻ ഉൾപ്പെടെ രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൊവ്വാ ദൗത്യം ആദ്യ നീക്കത്തിൽ തന്നെ ലക്ഷ്യത്തിലെത്തിച്ചത്

അറബ് ലോകത്തിന്റെറ ആദ്യ ചൊവ്വാ ദൗത്യം ലക്ഷ്യത്തിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ആറ് മാസം മുൻപ് യു.എ.ഇ വിക്ഷേപിച്ച ‘ഹോപ് പ്രോബ്’ എന്ന ചൊവ്വാ പേടകം ചൊവ്വാഴ്ച രാത്രി 7.42ന് ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ.

‘ഹോപ് പ്രോബി’ന് ചൊവ്വയിൽ കടക്കാനായാൽ ഈ ദൗത്യം പൂർത്തീകരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറും.ഇന്ത്യയുടെ മംഗൾയാൻ ഉൾപെടെ രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൊവ്വാ ദൗത്യം ആദ്യ നീക്കത്തിൽ തന്നെ ലക്ഷ്യത്തിലെത്തിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴ് മുതലുള്ള സമയം നിർണായകമാണ്. നിലവിൽ മണിക്കൂറിൽ 1,21,000 കിലോമീറ്റർ വേഗതിയിൽ കുതിക്കുന്ന പേടകം അവസാന സമയത്ത് 18,000 കിലോമീറ്റർ വേഗതയിലേക്ക് ചുരുങ്ങും. ഈ സമയത്ത് പേടകം തലതിരിയുകയും ആറ് ത്രസ്റ്ററുകളും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യണം. ഈ നിർണായക ഘട്ടം പിന്നിട്ടാൽ ഹോപ് ചൊവ്വയിലേക്ക് പ്രവേശിക്കും.

ഒരാഴ്ചക്കുള്ളിൽ ചൊവ്വയിൽ നിന്നുള്ള ചിത്രങ്ങൾ അയച്ചുതുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്രങ്ങൾ ഭൂമിയിലെത്തും. 687 ദിവസം കൊണ്ട് ചൊവ്വയിലെ വിവരശേഖരണം പൂർത്തിയാക്കും. ഈ ദിവസങ്ങളത്രയും ഹോപ് ചൊവ്വയിൽ തന്നെയുണ്ടാകും.

കഴിഞ്ഞ വർഷം ജൂലൈ 20നാണ് ജപ്പാനിലെ താനെഗാഷിമ ഐലൻഡിൽ നിന്ന് ഹോപ് കുതിച്ചത്.ചൊവ്വയിലേക്കുള്ള നമ്മുടെ യാത്ര യാഥാർഥ്യമാകുന്നതോടെ രാജ്യം 50ാം വാർഷികം ആഘോഷിക്കുകയാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.