പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലക്കേസില്‍ അറസ്റ്റിലായവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭു കുമാര്‍, ഭാര്യാസഹോദരന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഡോ. ബി കലാം പാഷ ദീര്‍ഘിപ്പിച്ചത്.
പിന്നാക്ക വിഭാഗക്കാരനായ അനീഷ് ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള ദുരഭിമാനത്തെത്തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി അനില്‍ ഹാജരായി.
2020 ഡിസംബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം. തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റേയും രാധയുടേയും മകന് അനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും അറസ്റ്റിലായത്.
അനീഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് സഹോദരന് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷിയാണ് സഹോദരന്. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന് കൂട്ടിച്ചേര്‍ത്തു. അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കാലിലെ ആഴത്തിലുള്ള മുറിവ് രക്തസ്രാവത്തിന് കാരണമായി. രക്ത ദമനികള്‍ മുറിഞ്ഞുപോയെന്നും തുടയില്‍ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍.