സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 ആക്കാന്‍ ശുപാർശ. മുഖ്യമന്ത്രിക്ക് സമർപ്പിച്ച പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ടിലാണ് ശുപാര്‍ശയുള്ളത്. 2019 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രബല്യത്തോടെയുള്ള ശമ്പള പരിഷ്ക്കരണത്തിനാണ് ശുപാർശ നൽകിയത്. അടുത്ത ശമ്പള പരിഷ്കരണം കേന്ദ്ര ശമ്പള പരിഷ്കരണത്തിനു ശേഷമായിരിക്കും. 2026 ജനുവരിയ്ക്ക് ശേഷമേ അടുത്ത ശമ്പള പരിഷ്കരണം പാടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടു പ്രകാരം കൂടിയ ശമ്പളം 1,66,800 ആയി വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. നിലവിൽ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16500 രൂപയും കൂടിയ ശമ്പളം 140000 രൂപയുമാണ്.
വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ സ്പെഷ്യൽ അലവൻസ് നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. 2019 ജൂലൈ ഒന്നുവരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണം. എച്ച്.ആർ.എ വർധിപ്പിച്ചതിനാൽ സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കണം. ശമ്പള, പെൻഷൻ വർധന വഴിയുള്ള വാർഷിക അധിക ബാധ്യത 4810 കോടി ആയിരിക്കും.
80 വയസു കഴിഞ്ഞ പെൻഷൻകാർക്ക് 1000 രൂപ അധികം നല്‍കണം. പെൻഷൻ തുകയും വർധിപ്പിക്കണം. കുറഞ്ഞ പെന്‍ഷന്‍ 11500 രൂപയും കൂടിയത് 83400 രൂപയും ആയിരിക്കണം. ഈ തുക അവസാനം വാങ്ങിയ ശമ്പളത്തിന്‍റെ അടിസ്ഥാനത്തിൽ നിർണയിക്കണം. പെൻഷൻ പ്രായം വർധിപ്പിക്കണമെന്നും ശുപാർശയിലുണ്ട്. ഒരു വർഷം നീട്ടണമെന്നാണ് ശുപാര്‍ശ. ഈ വർഷം റിട്ടയർ ചെയ്യുന്നവർക്കും ഒരു വർഷം കൂടി നീട്ടി നൽകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കിടപ്പിലാകുന്ന മാതാപിതാക്കളെ സംരക്ഷിക്കാൻ അവധിയും ശമ്പളത്തോടു കൂടി ഒരു വർഷം പാരന്‍റ് കെയർ ലീവും നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.