International

ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ; ഇസ്രായേലിനെ ഉൻമൂലനം ചെയ്യുമെന്ന് ഇറാൻ

ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ വേണ്ട നടപടി സ്വീകരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ സൈനിക മേധാവി അവിവ് കൊഹാവിയാണ് വെളിപ്പെടുത്തിയത്. എന്നാൽ ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു രാജ്യത്തിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്ന ഇസ്രായേൽ പ്രഖ്യാപനം തികച്ചും അസാധാരണമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ച ഇറാൻ, ആക്രമണം നടത്തിയാൽ തെൽ അവീവ് ഉൾപ്പെടെ ഇസ്രായേലിനെ ഒന്നാകെ അവസാനിപ്പിക്കുമെന്ന് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു.

ഇറാനുമായി ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കൂടി ഇസ്രായേൽ സൈനിക മേധാവി അമേരിക്കൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേൽ നടത്തിയ യുദ്ധ പ്രഖ്യാപനം പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയിലാണ് യൂറോപ്യൻ യൂനിയനും മറ്റും. ഇറാൻ വിഷയം അമേരിക്ക ബ്രിട്ടനുമായി ഇന്നലെ വിശദമായി ചർച്ച ചെയ്തു.