ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്തും പ്രതിഷേധം. രാജ്ഭവനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ഉൾപ്പെടെ മുപ്പതോളം പ്രവർത്തകരാണ് രാജ്ഭവനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാധ്യതയുള്ളതിനാൽ രാജ്ഭവന്റെ പരിസരങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലാക്കി. പാലക്കാട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇടത് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ ട്രാക്ടർ മാർച്ച് നടത്തി. തൃശൂരിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ചിനെ മന്ത്രി വി എസ് സുനിൽകുമാർ അഭിസംബോധന ചെയ്തു.
വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ട്രാക്ടർ സമരം നടത്തി. വാറങ്കോട്ടിൽ നിന്ന് ആരംഭിച്ച സമരം കുന്നുമ്മലിൽ സമാപിച്ചു. കുട്ടനാട്ടിലും ട്രാക്ടർ റാലി നടന്നു. ചങ്ങനാശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പെരുന്തോട്ടം റാലി ഫ്ളാഗ് ഓഫ് ചെയ്തു. രാജകുമാരി സ്പൈസ് സിറ്റി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഇടുക്കിയിലും ട്രാക്ടർ റാലി സംഘടിപ്പിച്ചു.