Uncategorized

ഡല്‍ഹി ശാന്തം; ഇന്ന് കർഷക സംഘടനകൾ യോഗം ചേരും

കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ ഡൽഹി തെരുവുകൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും.

കർഷകരുടെ ട്രാക്ടർ പരേഡ് ഐടിഒയിലും ചെങ്കോട്ടയിലും എത്തിയതോടെയാണ് വലിയ സംഘർഷം ഉണ്ടായത്. പൊലീസും കർഷകരും നേർക്കുനേർ നിന്നപ്പോൾ പൊലീസ് ആസ്ഥാനം നിലകൊള്ളുന്ന ഐടിഒ പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. കർഷകരിൽ ഒരാൾ ട്രാക്ടർ മറിഞ്ഞു കൊല്ലപ്പെട്ടതോടെ പ്രതിഷേധം ആളിക്കത്തി.

കർഷക സംഘടനാ നേതാക്കളുടെ അഭ്യർഥന മാനിച്ച് കർഷകർ നഗരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഘർഷത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ആളുകൾ ആണെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ഭാവി സമര പരിപാടികൾ സംബന്ധിച്ച് സംയുക്ത കർഷക സമര സമിതി യോഗം ചേർന്ന് തീരുമാനം എടുക്കും.

അതേസമയം ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന്‍റെ പേരിൽ വിമർശനം ഉയർത്താനാണ് സർക്കാർ നീക്കം. ഈ ഘട്ടത്തിൽ തുടർസമര പരിപാടികൾ സംയുക്ത കർഷക സംഘർഷ് സമിതി ഉടൻ പ്രഖ്യാപിക്കും. ബജറ്റ്‌ അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റ് മാർച്ചു നടത്തുമെന്നു കർഷകർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായി എങ്ങനെ കർഷക മാർച്ച് സംഘടിപ്പിക്കണം എന്ന കാര്യം നേതാക്കൾ ചർച്ച ചെയ്യും. സമരം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സമവായ ചർച്ചയിലേ‌ക്കും നീങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മന്ത്രിതല ഉപ സമിതി ചർച്ച നടത്തും.