അസമില്‍ പൗരത്വ ഭേദഗതി നിയമ(സി.എ.എ)ത്തെ കുറിച്ച് ഒന്നും സംസാരിക്കാതെ കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ. അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് അമിത് ഷാ. സി.എ.എക്കെതിരെ ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം. തദ്ദേശീയരെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സി.എ.എ എന്നാണ് അസമിലെ ജനങ്ങളുടെ വാദം.
നുഴഞ്ഞുകയറ്റിമില്ലാത്ത, പ്രളയമില്ലാത്ത അസം ആണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പിയും സഖ്യകക്ഷികളും തന്നെ അസമില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. അസമിലെ തദ്ദേശീയരായ ജനതയുടെ വികസനത്തിനും സാംസ്കാരിക ക്ഷേമത്തിനും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കും.
ബംഗാളിലെ പ്രചാരണ വേളയില്‍ അമിത് ഷാ പ്രധാനമായും സംസാരിച്ചത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ചായിരുന്നു. മമത മുസ്ലിം പ്രീണനം നടത്തുകയാണെന്നും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇത് അവസാനിപ്പിക്കുമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞു.
അതേസമയം ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ അസമില്‍ കോണ്‍ഗ്രസ്, മതേതര പാര്‍ട്ടികളുടെ വിശാല സഖ്യം രൂപീകരിച്ചു. ആറ് പാര്‍ട്ടികളുടെ സഖ്യമാണ് രൂപീകരിച്ചിരിക്കുന്നത്. ആള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്), സി.പി.എം, സി.പി.ഐ, സി.പി.ഐ-എംഎല്, അഞ്ചാലിക് ഗണ മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളാണ് സഖ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആള് ഇന്ത്യ കോണ്‍ഗ്രസ് സമിതിയുടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് വിവിധ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്.
126 സീറ്റുളള അസം നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 20ഉം എഐയുഡിഎഫിന് 14ഉം സീറ്റുകളാണ് ഉള്ളത്. 2016ല്‍ 26സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലായിരിക്കും.