ന്യൂഡല്‍ഹി: വാക്സിന്റെ കാര്യക്ഷമതയെ കുറിച്ച് ഗൗരവതരമായ ആശങ്കകളുയര്‍ത്തി ഭാരത് ബയോടെകിന്റെ സമ്മതപത്രം. തങ്ങള്‍ വികസിപ്പിച്ച കോവാക്സിന് സ്വീകരിക്കുന്നവര്‍ കുത്തിവയ്പ്പ് എടുക്കുന്നതിന് മുന്‍പായി പ്രത്യേക സമ്മതപത്രം നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല എന്നാണ് ഭാരത് ബയോടെക് പറയുന്നത്. വാക്സിന് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു.
ഹരിയാനയിലെ ആറ് ജില്ലകളില്‍ കോവാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സമ്മതപത്രം എഴുതി നല്‍കാത്തവര്‍ക്ക് വാക്സിന് കുത്തിവച്ചുമില്ല. ഗുഡ്ഗാവ്, കര്‍ണാല്‍, പല്‍വാല്‍, ഫരീദാബാദ്, സോണിപത്, യമുനനഗര്‍ എന്നീ ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു കുത്തിവയ്പ്പ്.
വാക്സിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ട പരീക്ഷണത്തിലാണിപ്പോള്‍. വാക്സിന് സ്വീകരിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം. വാക്സിന്റെ പാര്‍ശ്വഫലം മൂലമാണ് അസുഖമുണ്ടായത് എന്ന് തെളിയിക്കപ്പെട്ടാല്‍ ഭാരത് ബയോടെക് നഷ്ടപരിഹാരം നല്‍കും- സമ്മതപത്രത്തില്‍ പറയുന്നു.
ഇന്ത്യയില്‍ രണ്ട് വാക്സിനുകള്‍
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്സിന് എന്നീ രണ്ടു വാക്സിനുകളാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചിട്ടുള്ളത്. രണ്ടു വാക്സിനുകളും സുരക്ഷിതവും കാര്യക്ഷമവുമാണ് എന്നാണ് സര്‍ക്കാറിന്റെ വാദം.
രണ്ടാം ഘട്ടത്തില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപന സാധ്യത ഏറിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും. 1.65 കോടി കോവിഷീല്‍ഡ്, കോവാക്സിന് ഡോസുകളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 56 ലക്ഷം ഡോസ് കോവി ഷീല്‍ഡ് വാക്സിന് രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു.
സജ്ഞീവനിയെന്ന് ഹര്‍ഷ് വര്ദ്ധന്
കോവിഡ് പ്രതിരോധ വാക്സിനുകള്‍ ‘സഞ്ജീവനി’യാണ് എന്ന് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഹര്‍ഷ് വര്ധന്. രണ്ട് കോവിഡ് വാക്സിനുകളും സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കിംവദന്തികള്‍ക്ക് ചെവി കൊടുക്കരുത് എന്നും വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോളിയോക്കും വസൂരിക്കും എതിരായ പോരാട്ടത്തില്‍ നാം വിജയിച്ചിട്ടുണ്ട്. മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ഈ വാക്സിനുകള്‍ സഞ്ജീവനികളാണ്. ഇപ്പോള്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതിനുള്ള നിര്‍ണായക ഘട്ടത്തില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു- മന്ത്രി പറഞ്ഞു.