ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ബന്ധു നിയമനത്തിന് എതിരെ മന്ത്രി കെ.ടി ജലീലിനെതിരായ പരാതിയില്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നല്കിയ പരാതിയില്‍ തുടര്‍നടപടി വേണ്ടെന്ന് വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഫിറോസിന്റെ തീരുമാനം.
ജലീലിന്റെ ബന്ധു കെ.ടി അദീബിനെ മതിയായ യോഗ്യതയില്ലാതെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതിന് എതിരെ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കായിരുന്നു ഫിറോസ് പരാതി നല്‍കിയത്. നവംബര്‍ 28ന് ഈ പരാതി തുടര്‍ നടപടികള്‍ക്കായി വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ വിജിലന്‍സ് വകുപ്പിന് കൈമാറി. തുടര്‍ന്നാണ് മന്ത്രിക്ക് എതിരായ പരാതിയില്‍ തുടര്‍ നടപടികളൊന്നും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ഫിറോസിന്റെ തീരുമാനം.
അതിനിടെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലേക്ക് പുതിയ മാനേജിങ് ഡയറക്ടറേയും സര്‍ക്കാര്‍ നിശ്ചയിച്ചു. ഫോറസ്റ്റ് പ്രിന്‍സിപ്പില്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എ മുഹമ്മദ് നൌഷാദിന് എം.ഡിയുടെ അധിക ചുമതല നല്‍കുകയായിരുന്നു. വിവാദ നിയമന കാലത്തെ എം.ഡി അക്ബറിന്റെ നിലപാടുകളില്‍ മന്ത്രി അടക്കമുള്ളവര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു.