Football Sports

ബേർൺലിക്കെതിരെ ഒരു ഗോള്‍ ജയം; മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമത്

ഇംഗ്ലീഷ് പ്രീമീയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. എവേ മത്സരത്തിൽ ബേർൺലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ജയത്തോടെ ലീഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ഡിഫൻസീവ് ടാക്ടിക്സുമായി കളത്തിലിറങ്ങിയ ബേർൺലിയുടെ തന്ത്രം വിജയിക്കുന്നതാണ് ആദ്യം കളിയിൽ കാണാനായത്. എന്നാല്‍ ബേർൺലിയുടെ ബ്രാഡിക്ക് ചുവപ്പ് കാർഡ് എന്ന് ഉറപ്പിച്ച ഫൌളിന് കാർഡ് കൊടുക്കാതെ മാഞ്ചസ്റ്റർ താരം ലൂക് ഷോ നടത്തിയ ഫൗളിന് മഞ്ഞ കാർഡ് നൽകിയത് കളിക്കിടയില്‍ കല്ലുകടിയായി. പിന്നാലെ മാഞ്ചസ്റ്റർ ആരാധകർക്ക് കൂടുതൽ നിരാശ നൽകി ഹാറ്റി മഗ്വയറിന്‍റെ ഹെഡർ ഗോൾ റഫറി നിഷേധിക്കുകയും ചെയ്തു.

ആദ്യ പകുതിയിൽ മികച്ച അവസരം നഷ്ടപ്പെടുത്തിയ മാർഷ്യല്‍ രണ്ടാം പകുതിയിലും ഗോളിനായി ശ്രമിച്ചെങ്കിലും ബേർൺലി ഗോളി നിക് പോപ് സേവ് ചെയ്തകറ്റുകയായിരുന്നു. ഇതോടെ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റര്‍ അറ്റാക്കിങ് കൂടുതല്‍ ഷാര്‍പ് ആക്കി. എങ്കിലും 71ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു യുണൈറ്റഡിന് ബേർൺലിയുടെ വലകുലുക്കാന്‍. വലതു വിങ്ങിൽ നിന്ന് റാഷ്ഫോർഡ് നല്‍കിയ ക്രോസ് വോളിയിലൂടെ പോൾ പോഗ്ബ വലയിൽ എത്തിച്ചതോടെയാണ് യുണൈറ്റഡ് ക്യാമ്പില്‍ ആഘോഷം തുടങ്ങിയത്. ഇതോടെ 36 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ മൂന്ന് പോയിന്‍റ് മുന്നിലാണ് യുണൈറ്റഡ് ഇപ്പോള്‍. അടുത്ത മത്സരത്തില്‍ യുണൈറ്റഡിന്‍റെ എതിരാളി ലിവർപൂള്‍ ആണ്.