സിനിമ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിച്ച ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് സംസ്ഥാനം ഉത്തരവ് റദ്ദാക്കിയത്. ഇനിമുതല്‍ കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.
സിനിമാ തിയേറ്ററുകള്‍ക്ക് കോവിഡ് സാഹചര്യത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ചയാണ് തമിഴ്നാട് സര്‍ക്കാര്‍ നീക്കിയത്. പൊങ്കലിന് മുമ്പ് തിയേറ്ററുകളിലെ 100 ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന്, നിരവധി സിനിമാ അഭിനേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആരോഗ്യ വിദഗ്ധരടക്കം രാഗത്തുവന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.
അതേസമയം പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിനിമാ തിയേറ്ററുകളില്‍ 100% ആളുകളെ അനുവദിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.