എല്ല് തുളക്കുന്ന തണുപ്പിലും ഗര്‍ഭിണിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം. കശ്മീരിലെ കുപ്‌വാരയിലാണ് സംഭവം. കാല്‍മുട്ടിന്റെ ആഴത്തിലുള്ള മഞ്ഞ് കടന്നാണ് സൈന്യം ഗര്‍ഭിണിയെ കശ്മീരിലെ ആശുപത്രിയിലെത്തിച്ചത്.
ഈ ആഴ്ചയില്‍ കനത്ത മഞ്ഞുവീഴ്ചയാണ് കശമീരില്‍ റിപ്പോര്‍ട്ട് ചെയ്തത്. കരല്‍പുരയിലെ ഇന്ത്യന്‍ ആര്‍മിയുടെ ബേസില്‍ ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് അടിയന്തര സഹായം ആവശ്യപ്പെട്ട് മന്‍സൂര്‍ അഹമ്മദിന്റെ സന്ദേശം എത്തുന്നത്. ഭാര്യക്ക് പ്രസവവേദനയുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിക്കണം എന്നുമായിരുന്നു സന്ദേശം.
മണിക്കൂറുകളോളം കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസ് വാഹനങ്ങള്‍ക്കോ മറ്റ് വാഹനങ്ങള്‍ക്കോ എത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ കരസേന അടിയന്തര വൈദ്യസഹായവുമായി കൃത്യസമയത്ത് അവരുടെ വീട്ടിലെത്തി. അടിയന്തര സഹായം നല്‍കിയ ശേഷം സൈനികര്‍ എല്ല് തുളയ്ക്കുന്ന തണുപ്പിലും കനത്ത മഞ്ഞുവീഴ്ചയിലും യുവതിയേയും ചുമന്ന് രണ്ട് കിലോമീറ്ററോളം നടന്ന് ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മംനല്‍കി. സൈന്യത്തിന്റെ കൃത്യസമയത്തെ ഇടപെടലില്‍ കുടുംബം നന്ദി അറിയിച്ചു.