മെസ്യൂട്ട് ഓസില്‍ ആഴ്സനലില് കളി അവസാനിപ്പിക്കുന്നു. മൈക്കൽ ആർട്ടേറ്റ പരിശീലകനായി എത്തിയതോടെ ആഴ്സനലില് നിന്ന് പുറത്തായ ഓസിൽ തുർക്കി ക്ലബായ ഫെനർബാഷെയുമായി മൂന്നര വർഷത്തേക്ക് കരാറിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഫെനർബാഷെ ക്ലബ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും തുർക്കിയിലെ വൻനഗരമായ ഇസ്തംബൂളിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുപ്പത്തിരണ്ടുകാരൻ ഓസിൽ അഭ്യൂഹങ്ങൾക്കു കരുത്തു പകർന്നു. സീസൺ അവസാനത്തോടെ ആഴ്സനലുമായുള്ള കരാർ അവസാനിക്കും. 2013ൽ റയൽ മഡ്രിഡിൽനിന്നാണ് ഓസിൽ ആഴ്സനലിലെത്തിയത്.
കഴിഞ്ഞ മാർച്ചിനു ശേഷം ആർസനലിനു വേണ്ടി ഒരു മത്സരം പോലും ഓസിൽ കളിച്ചിട്ടില്ല. ലണ്ടൻ ക്ലബ്ബിന്റെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമാണെങ്കിലും ഈ സീസൺ പ്രീമിയർ ലീഗിൽ ഇതുവരെ ടീം ലിസ്റ്റിൽ പോലും ഓസിലിന്റെ പേരുണ്ടായിരുന്നില്ല. പുതിയ സീസണിനുള്ള പ്രീമിയർ ലീഗ്, യൂറോപ് ലീഗ് സ്ക്വാഡുകളിൽനിന്ന് ഓസില്‍ പുറത്തായിരുന്നു. അവസരം കുറഞ്ഞതോടെ തുർക്കി ക്ലബിനൊപ്പം അമേരിക്കൻ മുൻനിര ടീമായ ഡി.സി യുനൈറ്റഡുമായും ഓസിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഫെനർബാഷെ അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കിയതോടെ ക്ലബ് ചെയർമാനും ഡയറക്ടറും നേരെ ലണ്ടനിലേക്ക് പറന്നതായി റിപ്പോർട്ടുകൾ പറയുന്നു.
2013ൽ റയൽ മഡ്രിഡിൽനിന്നാണ് ഓസിൽ പ്രതിവാരം മൂന്നര ലക്ഷം പൗണ്ടിന് ആഴ്സനലിലെത്തിയത്.
തുർക്കി പൗരത്വവുമുള്ള ഓസിൽ കഴിഞ്ഞ വർഷം വിവാഹസമയത്ത് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം നിന്ന് ഫോട്ടോയെടുത്തത് ജർമനിയിൽ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ചൈന ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ നടത്തുന്ന ക്രൂരതകളൂം ഓസിൽ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.