ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ് ഇന്ന്. കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള മധ്യസ്ഥതക്കാണ് ശ്രമം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്റ് ഭൂമി യുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. സ്വകാര്യ ഭൂതര്‍ക്കമായല്ല ഇതിനെ കാണുന്നത് എന്നും വിശാവസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടി ആയാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തു തീര്‍പ്പിന് ഒരു ശതമാനം സാധ്യത എങ്കിലും ബാക്കിയുണ്ടെങ്കില്‍ അതാണ് നല്ലതെന്നും ഭരണഘടന ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു. സിവിൽ പ്രൊസീജ്യർ കോഡിലെ 89 താം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഈ നീക്കം. ഇത്തരം ഒരു ഉത്തരവ് ഇറക്കുകയാണെങ്കില്‍ നിയമരംഗത്തെ പ്രഗ്തഭരായിരിക്കും അതിന് നിയോഗിക്കപ്പെടുക.ഇവരുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി നിലനിര്‍ത്തുമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
കോടതി മേല്‍നോട്ടമുള്ളതിനാല്‍ മധ്യസ്ഥ ചര്‍ച്ചയോട് സഹരിക്കാമെന്നാണ് മുസ്ലിം പക്ഷത്തെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോര്‍ഡിന്‍റെയും ഹിന്ദു പക്ഷത്തെ പ്രധാന കക്ഷികളില്‍ ഒരാളായ നിര്‍മോഹി അഖാഡെയുടെയും നിലപാട്. എന്നാല്‍ മറ്റുകക്ഷികളായ രാംലല്ല വിരാജ് മാനിനും ഹിന്ദുമഹാസഭക്കും ചര്‍ച്ചകളോട് വിയോജിപ്പാണുള്ളത്.കോടതി വേഗത്തില്‍ വാദം കേട്ട് വിധി പറയണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും സംഘ്പരിവാര്‍ സംഘടനകളുടെയും ആവശ്യം.