International

യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു

രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഈ മാസം അവസാനമാണ് ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം നടക്കേണ്ടിയിരുന്നത്. ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സണെയായിരുന്നു നിശ്ചയിച്ചിരുന്നത്.

ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി വക്താക്കള്‍ അറിയിക്കുന്നു. കഴിഞ്ഞ രാത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൌണിന്‍റെയും ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍, യുകെയിൽ തുടരേണ്ടത് പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രധാനമാണെന്ന് ബോറിസ് ജോണ്‍സന്‍ മോദിയെ അറിയിച്ചതായി ഡൌണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും വളർത്തിയെടുക്കുന്നത് തുടരുമെന്നും ഡൌണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ജി7 ഉച്ചകോടിക്ക് മുമ്പ് തന്നെ ഇന്ത്യ സന്ദര്‍ശനം നടത്തുമെന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു.