India National

കൃഷിഭൂമി വാങ്ങിയിട്ടില്ല, കോര്‍പറേറ്റ് ഫാമിങ്ങിനുമില്ല; സമരത്തില്‍ മുട്ടിടിച്ച് റിലയന്‍സ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ വീണ്ടും വിറച്ച് റിലയന്‍സ്. പ്രതിഷേധത്തില്‍ റിലയന്‍സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കോര്‍പറേറ്റ് ഫാമിങ്ങിലേക്ക് കടക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും കമ്പനി വ്യക്തമാക്കി. വാര്‍ത്താ കുറിപ്പിലാണ് റിലയന്‍സ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘കോര്‍പറേറ്റ് ഫാമിങ്ങ്, കോണ്‍ട്രാക്ട് ഫാമിങ്ങ് എന്നിവയുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ല. കോണ്‍ട്രാക് ഫാമിങ്ങിലേക്കോ കോര്‍പറേറ്റ് ഫാമിങ്ങിലേക്കോ പ്രവേശിക്കാന്‍ ഒരു പദ്ധതിയുമില്ല’- എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ത്താകുറിപ്പ്.

ഒരു കൃഷി ഭൂമിയും വാങ്ങിയിട്ടില്ല. മിനിമം താങ്ങുവിലയ്ക്കാണ് വിതരണക്കാര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത്. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആരുമായും ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിട്ടില്ല. അത്തരത്തില്‍ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുമില്ല- വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഉല്‍പ്പന്നത്തിന് ന്യായമായ ലാഭം കിട്ടണമെന്ന് കര്‍ഷകന്റെ ആഗ്രഹത്തിന് ഒപ്പമാണ് റിലയന്‍സ്. അവരുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും മതിയായി പ്രതിഫലം കിട്ടണം. തങ്ങളുടെ വിതരണക്കാരുടെ മേല്‍ മിനിമം താങ്ങുവില സംവിധാനം ഉറപ്പുവരുത്തും

റിലയന്‍സ്‌

പഞ്ചാബിലും ഹരിയാനയിലും ജിയോ ടവറുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും റിലയന്‍സ് അറിയിച്ചു. പഞ്ചാബില്‍ മാത്രം ആയിരത്തി അഞ്ഞൂറിലേറെ മൊബൈല്‍ ടവറുകള്‍ക്കാണ് കര്‍ഷക പ്രതിഷേധത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. സംസ്ഥാനത്ത് റിലയന്‍സ് ഫ്രഷ് സ്‌റ്റോറുകള്‍ക്കെതിരെയും ആക്രമണമുണ്ടായിരുന്നു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ പ്രധാന ഗുണഭോക്താക്കള്‍ അംബാനിയും അദാനിയുമാണ് എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് റിലയന്‍സ് വിശദീകരണവുമായി രംഗത്തു വരുന്നത്. നേരത്തെ, പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ റിലയന്‍സ് ജിയോ സേവനങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.