ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹി പി.സി.സി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ സഖ്യം തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നായിരുന്നു തുടക്കം മുതലേ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുഖ്യ എതിരാളിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഒറ്റക്ക് മത്സരിക്കാമെന്നുമുള്ള നിലപാടിലായിരുന്നു പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് എ.എ.പി 7ല്‍ 6 സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടതോടെ സഖ്യ ചര്‍ച്ച പുനരാരംഭിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയെങ്കിലും സംസ്ഥാന നേതൃത്വം നിലപാടില്‍ ഉറച്ച് നിന്നു. ഷീല ദീക്ഷിത്, അജയ് മാക്കന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ച് മത്സരിച്ച് വിജയിക്കുമെന്ന് ഷീല ദീക്ഷിത് പറഞ്ഞു. അതേസമയം ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുകയാണ് കോണ്‍ഗ്രസെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള് കുറ്റപ്പെടുത്തി.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചത് ബി.ജെ.പിയാണ്. എന്നാല്‍ 2015ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ വിജയിച്ച് എ.എ.പി അധികാരത്തിലെത്തി.