തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി ആറിന് ഡല്‍ഹി അതിര്‍ത്തിയിലെ കുണ്ഡലി-മനേസര്‍-പല്‍വാല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തും. രാജസ്ഥാന്-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ നടക്കുന്ന പ്രക്ഷോഭം ഡല്‍ഹിയിലേക്ക് മാറ്റേണ്ടി വരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഏഴംഗ സമിതി, ഇന്ന് ഡല്‍ഹി പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തും.
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി തിങ്കളാഴ്ച്ച നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്. ഏഴാംവട്ട ചര്‍ച്ചയിലും പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം തീവ്രമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്ശന് പാല് പറഞ്ഞു. ഷഹീന്‍ബാഗ് സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞത് പോലെ കര്‍ഷക പ്രക്ഷോഭം പിരിച്ചുവിടാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതരുത്. തിങ്കളാഴ്ച്ച കേന്ദ്രം തീരുമാനമെടുത്തില്ലെങ്കില്‍, അടുത്ത നടപടി കര്‍ഷകര്‍ തീരുമാനിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്കി.
ചര്‍ച്ചയില്‍ പുരോഗതിയിലെങ്കില്‍ ജനുവരി ആറിന് ട്രാക്ടര്‍ റാലിയും, ഏഴ് മുതല്‍ ഇരുപതാം തീയതി വരെ രാജ്യവ്യാപക പ്രതിഷേധവും സംഘടിപ്പിക്കും. ജനുവരി 18ന് മഹിളാ കിസാന്‍ ദിനമായും, സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ 23ന് കിസാന്‍ ചേതന ദിവസമായും ആചരിക്കും. നാലാം തീയതിയിലെ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും, ഫലമെന്താകുമെന്ന് പ്രവചിക്കാന്‍ ജോത്സ്യനല്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.