പുതുവത്സര ദിനത്തിലും പ്രതിഷേധ വേലിയേറ്റത്തിന് കര്‍ഷക പ്രക്ഷോഭ വേദികള്‍. അംഗന്‍വാടി ജീവനക്കാരികള്‍ അടക്കം ആയിരം വനിതകള്‍ സിംഗുവില്‍ പ്രതിഷേധ പ്രകടനം നടത്തും. കിസാന്‍ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കും.
ഡല്‍ഹി ചലോ പ്രക്ഷോഭം മുപ്പത്തിയേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുതുവത്സര ദിനത്തില്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗു കേന്ദ്രീകരിച്ച് പ്രതിഷേധ മാര്‍ച്ചുകളാണ് തീരുമാനിച്ചിരിക്കുന്നത്. അംഗന്‍വാടി ജീവനക്കാരികളും, ആശ വര്‍ക്കര്‍മാരും അടക്കം ആയിരം വനിതകള്‍ ചുവന്ന യൂണിഫോം ധരിച്ച് പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
അതേസമയം, രാജസ്ഥാന്-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും അടക്കം പൊലീസ് പ്രയോഗിച്ചതിനെ കിസാന്‍ സംഘര്‍ഷ് സമിതി അപലപിച്ചു.