ത്രിതല പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം സി.പി.എം നേതാക്കൾ രാജിവച്ച മൂന്ന് ഗ്രാമ പഞ്ചായത്തിലും തീരുമാനം ബി.ജെ.പിക്ക് സഹായകരമായി. മറ്റ് കക്ഷികളുടെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പ്രസിഡന്റുമാർ രാജിവച്ചത്. എന്നാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടിയെടുത്ത തീരുമാനത്തെയാണ് സി.പി.എം അട്ടിമറിച്ചത്. തൃശൂരിലെ അവിണിശ്ശേരി, ആലപ്പുഴയിലെ തിരിവൻവണ്ടൂർ, പത്തനംതിട്ടയിലെ കോട്ടാങ്ങൽ എന്നിവിടങ്ങളിലാണ് രാജി പ്രഖ്യാപനത്തിലൂടെ സി.പി.എം, ബി. ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നുകൊടുത്തത്. ഇതിൽ രണ്ടിടത്തും കോൺഗ്രസ് പിന്തുണയാണ് സി.പി.എം നിരാകരിച്ചത്.
കഴിഞ്ഞ തവണ ബി.ജെ.പി ഭരിച്ച അവിണിശ്ശേരിയിൽ ബി.ജെ.പി ക്ക് 6 സീറ്റും എൽ.ഡി.എഫിന് 5 സീറ്റും യു.ഡി.എഫിന് 3 സീറ്റും ലഭിച്ചു. ബി.ജെ.പിയെ താഴെയിറക്കാൻ യു.ഡി.എഫ് നിരുപാധിക പിന്തുണ നൽകി. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മുകാരായ അധ്യക്ഷനും ഉപാധ്യക്ഷനും രാജിവച്ചതോടെ ബി.ജെ.പി തന്നെ വലിയ ഒറ്റക്കക്ഷിയായി മാറി. തിരുവൻവണ്ടൂരിലും ബി.ജെ.പി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇവിടെയും കോൺഗ്രസ് നിരുപാധിക പിന്തുണയാണ് സി.പി.എമ്മിന് നൽകിയത്. പത്തനംതിട്ട കോട്ടങ്ങൽ ഗ്രാമ പഞ്ചായത്തിൽ എസ്.ഡി.പി.ഐയാണ് ബി.ജെ.പിക്കെതിരെ സി.പി.എമ്മിനെ പിന്തുണച്ചത്.
തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഗ്രാമ പഞ്ചായത്തിലും തെരഞ്ഞെടുക്കപ്പെട്ട സി.പി.എം അധ്യക്ഷൻ സ്ഥാനം രാജിവച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ പിന്തുണച്ചതിനാൽ രാജിവക്കുന്നുവെന്നാണ് വിശദീകരണം. എന്നാൽ ഇവിടെ യു.ഡി.എഫാണ് എതിർകക്ഷി. എസ്.ഡി.പി.ഐയുടെ പേരിൽ പലയിടത്തും രാജിവക്കുമ്പോഴും കോഴിക്കോട് അഴിയൂരിൽ സി.പി.എം-എസ് ഡി പി ഐ കൂട്ടുകെട്ട് വോട്ടെടുപ്പിൽ വ്യക്തമായി. ഇവിടെ എസ്.ഡി.പി.ഐ പിന്തുണച്ചെങ്കിലും ഒരു ഇടത് അംഗത്തിന് കോവിഡ് കാരണം വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. നറുക്കെടുപ്പിൽ യു.ഡി.എഫിന് ഭരണം ലഭിച്ചു.