കൊല്‍ക്കത്ത: ബിജെപിക്കെതിരെ ബംഗാളിന്റെ അഭിമാനമായ രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. ബോല്പൂറില് കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയിലാണ് ടാഗോറിന്റെ ചിത്രവുമേന്തി മമത നടന്നു നീങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ബിജെപിക്കെതിരെ ബംഗാളി ദേശീയത ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് മമതയുടെ നീക്കമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. നേരത്തെ, പുറത്തു നിന്നു വന്നവര്‍ സംസ്ഥാനം ഭരിക്കേണ്ട എന്ന് ബിജെപിയെ പരോക്ഷമായി സൂചിപ്പിച്ച് മമത പറഞ്ഞിരുന്നു.
”ടാഗോറില്ലാത്ത ബംഗാളിനെ കുറിച്ച് സങ്കല്പ്പിക്കാന് പോലുമാകില്ല. ബിജെപി നമ്മുടെ ദേശീയഗാനം മാറ്റാന്‍ ശ്രമിക്കുകയാണ്. അതൊന്ന് തൊടാമോ എന്ന് ബിജെപിയെ വെല്ലുവിളിക്കുകയാണ്. ബംഗാളിന്റെ സംസ്കാരത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. നമ്മള് പുറത്തു നിന്നു വരുന്നവരെ പോലെയല്ല. എല്ലാ ദിവസവും നമ്മള് ടാഗോറിനെ ഓര്‍ക്കുന്നു. അവര്‍ നമ്മുടെ മണ്ണില്‍ വിദ്വേഷം ഇറക്കുമതി ചെയ്ത് ബംഗാളിന്റെ നട്ടെല്ലൊടിക്കാന്‍ ശ്രമിക്കുകയാണ്’- മമത ആരോപിച്ചു.
ടാഗോറിന്റെ മുദ്രയുള്ള വിശ്വഭാരതി (ശാന്തിനികേതന്‍) നിലനില്‍ക്കുന്ന സ്ഥലമാണ് ബോല്പൂര്. ഡിസംബര്‍ 24നാണ് ശാന്തിനികേതന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തിരുന്നത്. പരിപാടിയിലേക്ക് മമതയെ ക്ഷണിച്ചിരുന്നില്ല. പ്രഭാഷണത്തിനിടെ ഗുരുദേവ് എന്നാണ് ടാഗോറിനെ മോദി വിശേഷിപ്പിച്ചിരുന്നത്.
ശാന്തിനികേതനിലെ വൈസ് ചാന്‍സലര്‍ നിയമത്തിന് എതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. ‘നിലവിലുള്ള വിസിയേക്കാള് നല്ലൊരാളെ ബിജെപിക്ക് കണ്ടെത്താമായിരുന്നില്ലേ? ബിജെപിയെ റബ്ബര്‍ സ്റ്റാംപാണ് അദ്ദേഹം. വിശ്വഭാരതിയുടെ ബിജെപി കേന്ദ്രമാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്യുന്നത്. വിസിയുടെ ഓഫീസില്‍ വച്ച് എല്ലാ ദിവസവും എന്തിനാണ് ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്? ടാഗോറിന്റെ വിശ്വഭാരതിയെ തകര്‍ക്കാനാണ് അവരുടെ ശ്രമം. ഇതെന്നെ വേദനിപ്പിക്കുന്നു. ഇക്കാര്യത്തില്‍ ഒരുപാട് പറയാനുണ്ട്. എന്നാല്‍ അതിനു മുതിരുന്നില്ല. ഇന്ന് നമ്മള് ടാഗോറിന്റെ ജന്മനഗരത്തിലാണ്. ഗുരുദേവിന് ഞാന്‍ ആദരമര്‍പ്പിക്കുന്നു’ – മമത കൂട്ടിച്ചേര്‍ത്തു.
ടാഗോറിന്റെ ചിത്രവുമായി റോഡ് ഷോ നടത്തിയ മമതയുടെ നടപടിക്കെതിരെ ബിജെപി രംഗത്തു വന്നു. പത്തു വര്‍ഷത്തെ ഭരണപരാജയങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണ് ടാഗോറിനെ എടുത്തു കാണിക്കുന്നതിലൂടെ മമത ചെയ്യുന്നത് എന്ന് ബിജെപി എംപി സ്വപന് ദാസ് ഗുപ്ത ആരോപിച്ചു.