കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. കാര്‍ഷിക നിയമം സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടാതിരുന്നതിനെയും ശരദ് പവാര്‍ വിമര്‍ശിച്ചു.
ഡല്‍ഹിയിലിരുന്നുകൊണ്ട് കൃഷി നോക്കിനടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തമെന്നും ശരദ് പവാര്‍ പറഞ്ഞു. മന്‍മോഹന്‍ സിങിന്‍റെ കാലത്തും കാര്‍ഷിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്നും രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് നടക്കാതെ പോയതെന്നുമുള്ള കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറുടെ ആരോപണം ശരദ് പവാര്‍ തള്ളി.
കാര്‍ഷിക മേഖലയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് താനും മന്‍മോഹന്‍ സിംഗും കരുതിയിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ നടപ്പാക്കിയ പോലെയുള്ളതല്ല. അന്ന് സംസ്ഥാന കൃഷിമന്ത്രിമാരോടും വിദഗ്ധരോടും നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. അവരുടെ ആശങ്കകള്‍ പരിഗണിച്ചാണ് അന്ന് സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും ശരദ് പവാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ട പരിഗണന നല്‍കിയിരുന്നെങ്കില്‍ പ്രശ്നം ഇങ്ങനെ നീണ്ടുപോകുമായിരുന്നില്ല. സര്‍ക്കാര്‍ പറയുന്നത് പ്രതിഷേധക്കാര്‍ ഹരിയാന, പഞ്ചാബ്, വെസ്റ്റേണ്‍ ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമുള്ളവരാണെന്നാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ എങ്ങനെയാണ് ജനങ്ങളെ കേള്‍ക്കില്ലെന്ന് പറയാന്‍ കഴിയുകയെന്നും ശരദ് പവാര്‍ ചോദിച്ചു.