ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്ന് സൈനികാവശ്യങ്ങള്‍ക്കായുള്ള 1580 തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യ. വിഷയത്തില്‍ ഇരുരാഷ്ട്രങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള വിലപേശല്‍ തുടരുകയാണ് എന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈഫ ആസ്ഥാനമായ എല്‍ബീറ്റ് സിസ്റ്റം എന്ന കമ്പനിയില്‍ നിന്നാണ് ഇന്ത്യ തോക്കുകള്‍ വാങ്ങുന്നത്.
ഇസ്രയേല്‍ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള ഡയറക്ടര്‍ യൈര്‍ കുലാസ് ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതായി ബിസിനസ് സ്റ്റാന്‍ഡേഡ് പറയുന്നു. 400 തോക്കുകളാണ് ഇന്ത്യ നേരിട്ടു വാങ്ങുന്നത്. 1180 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനാണ് പദ്ധതി.
കരാറിനായി നേരത്തെ ആത്മനിര്‍ഭര്‍ ഭാരത് പ്രകാരമുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവു ചെയ്തിരുന്നു. നേരത്തെ, ഡിസംബര്‍ മുതല്‍ വലിയ തോക്കുകളുടെ ഇറക്കുമതി വേണ്ടെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. എന്നാല്‍ ഈ കരാറിനായി മാത്രം തീരുമാനം മരവിപ്പിക്കുകയായിരുന്നു.
ആല്‍ബീറ്റ് സിസ്റ്റം നിര്‍മിക്കുന്നതിന് സമാനമായ തോക്കുകള്‍ പ്രതിരോധ ഗവേഷണമായ ഡിആര്‍ടിഒയും നിര്‍മിക്കുന്നുണ്ട്. അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ടില്ലറി ഗണ്‍ സിസ്റ്റം (എടിഎജിഎസ്) എന്ന പേരിലുള്ള തോക്കിന് 15 കോടി രൂപയാണ് വില. ഇതിന് പകരം ആല്‍ബീറ്റ് അതോസ് 155 എംഎം ആര്‍ടില്ലറി ഗണ്‍ ആണ് കൈമാറുന്നത്. കരാറിനായി നേരത്തെ ആഗോള ടെണ്ടര്‍ വിളിച്ചിരുന്നു. ഫ്രഞ്ച് തോക്ക് നിര്‍മാതാക്കളായ നെക്സ്റ്ററിനെ പിന്തള്ളിയാണ് ഇസ്രയേല്‍ കമ്പനി കരാര്‍ സ്വന്തമാക്കിയിരുന്നത്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് 1180 തോക്കുകള്‍ തദ്ദേശീയമായി നിര്‍മിക്കുക. പുനെ ആസ്ഥാനമായ കല്യാണി ഗ്രൂപ്പാണ് ആല്‍ബീറ്റ് സിസ്റ്റംസുമായി സഹകരിക്കുന്നത്.