ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയിലും. ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം കോവിഡ് സ്ഥിരീകരിച്ചു. അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ബാഗ്ലൂരും രണ്ട് പേർ ഹൈദരാബാദിലും ഒരാൾക്ക് പൂനെയിലുമുള്ളവരാണ്. ബംഗലൂരു നിംഹാന്‍സില്‍ നടത്തിയ ടെസ്റ്റിലാണ് കോവിഡ് വകഭേദം കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവ സാംപിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജീനോം സീക്വന്‍സിങ്ങിന് അയച്ചിരിക്കുകയാണ്.
നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്. ഇവരെ കണ്ടെത്താനും ആര് പിസിആര്‍ പരിശോധന നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ബ്രിട്ടനില്‍ നിന്നെത്തിയ യാത്രക്കാരെ അധികൃതര്‍ നിരീക്ഷിച്ചു വരുകയാണ്. ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും രണ്ടാഴ്ച മുമ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകൾ ഡിസംബർ 31വരെ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. സൗദി അറേബ്യയും ഒമാനും അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിരുന്നു.
ബ്രിട്ടനു പിന്നാലെ ഡെന്മാര്ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു.
ബ്രിട്ടനില്‍ നിന്നും സംസ്ഥാനത്ത് എത്തിയ എട്ടുപേര്‍ക്ക് കോവിഡ് കണ്ടെത്തിയതായും, സ്രവം വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. പുതിയ വൈറസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.