തിരുവനന്തപുരം മേയറായി അധികാരമേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. അദാനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആര്യക്ക് ആശംസകള്‍ അറിയിച്ചത്. തികച്ചും അതിശയകരമാണ് ആര്യയുടെ നേട്ടമെന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദാനി പറഞ്ഞു. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന് പ്രേരിപ്പിക്കുകയും ഇങ്ങനെയാണെന്ന് അദാനി ട്വിറ്റ് ചെയ്തു.
ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവൻമുഗൾ വാർഡിൽ നിന്നുമാണ് വിജയിച്ചത്. ബിഎസ്സി രണ്ടാം വർഷഗണിത വിദ്യാർഥിനിയായ ആര്യ 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ആര്യ.
അദാനിയുടെ ട്വീറ്റ്:
”തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന് പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. ഇതാണ് അവിശ്വസനീയമായ ഇന്ത്യ.”
മേയറായി സ്ഥാനമേറ്റ ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് ചലച്ചിത്ര താരം കമല്‍ ഹാസനും രംഗത്തുവന്നിരുന്നു. ‘ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നാണ് കമല്‍ ഹാസന് കുറിച്ചത്. തമിഴ്നാടും മാറ്റത്തിന് തയ്യാര്‍ എന്നും കമല്‍ കുറിച്ചു.