പഞ്ചാബ് ഭഗ്വാരയിലെ ഹോട്ടൽ ഉപരോധിച്ച് പ്രതിഷേധിച്ച കർഷകരിൽനിന്ന് പിൻവാതിലിലൂടെ പോലീസ് സംരക്ഷണയിൽ രക്ഷപെട്ട് ബി.ജെ.പി നേതാക്കൾ. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനാഘോഷങ്ങൾക്ക് ഹോട്ടലിൽ ഒത്തുചേർന്ന ബി.ജെ.പി നേതാക്കൾക്കാണ് ഒളിച്ചുപുറത്തുകടക്കേണ്ടിവന്നത്. ബി.ജെ.പി ജില്ലാ, ബോക്ക് പ്രസിഡന്റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്, മുന്‍ മേയര്‍ അരുണ്‍ ഖോസ്ല എന്നിവരാണ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയത്.
ബി.ജെ.പി നേതാക്കൾ ഒത്തുചേരുന്നുണ്ടെന്നറിഞ്ഞാണ് ഭാരതി കിസാൻ യൂണിയന്റെ നേതൃത്വത്തില്‍ ഹോട്ടൽ ഉപരോധിച്ചത്. കേന്ദ്രത്തിലെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം നടത്തിയത്.
കന്നുകാലി, കോഴി തീറ്റകൾ നിർമിച്ച് വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമയും ബി.ജെ.പി പ്രവർത്തകനുമായ ആളുടേതായിരുന്നു ഹോട്ടൽ. ഹോട്ടല്‍ ഉടമ ബി.ജെ.പിക്കാരനാണെന്നും കാലി-കോഴിത്തീറ്റകൾ വിൽപന നടത്തുന്ന ഇയാളുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുമെന്നും കർഷകർ അറിയിച്ചു. കർഷകർക്കെതിരെ ഗൂഡാലോചന നടത്താനായാണ് ഇവർ ഹോട്ടലിൽ ഒരുമിച്ച് കൂടിയതെന്ന് കർഷക സംഘടന നേതാവ് കിര്‍പാല്‍ സിങ് മുസ്സാപൂര്‍ ആരോപിച്ചു. ബി.ജെ.പി നേതാക്കളെ ഹോട്ടലിനു പുറത്തേയ്ക്കു വിടില്ലെന്ന് കർഷകർ നിലപാട് എടുത്തതോടെ പോലീസുമായി ചെറിയ തോതിൽ സംഘർഷമുണ്ടായി.